ഇന്നൊവേഷൻ ഹബ് യുഎഇ: ലോക ഭക്ഷ്യ വ്യവസായത്തിൻ്റെ സുസ്ഥിരതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ ഏകീകരിക്കുന്നു

ദുബായ്, 12 മെയ് 2024 (WAM) --വേൾഡ് ഇക്കണോമിക് ഫോറവുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) ഫുഡ് ഇന്നൊവേഷൻ ഹബ് യുഎഇ സ്ഥാപിച്ചു. ഭക്ഷ്യ ഉൽപ്പാദനം വർധിപ്പിച്ച്, വിതരണ ശൃംഖലയുടെ സുസ്ഥിരത ഉറപ്പുവരുത്തി, ലോകമെമ്പാടുമുള്ള പട്ടിണിയെ ചെറുക്കുന്നതിലൂടെ ആഗോള ഭക്ഷ്യമേഖലയുടെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്താനാണ് ഹബ് ലക്ഷ്യമിടുന്നത്. ഇറക്കുമതി വൈവിധ്യവൽക്കരിക്കുക, പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുക, ഭക്ഷ്യ വസ്‌തുക്കൾ പാഴാക്കുന്നത് പരിമിതപ്പെടുത്തുക, ഭക്ഷ്യ സുരക്ഷയും പോഷകാഹാര സംവിധാനങ്ങളും മെച്ചപ്പെടുത്തുക, പ്രതിസന്ധികൾ കൈകാര്യം ചെയ്യുക എന്നിവ ഉൾപ്പെടുന്ന ദുബായുടെ ഭക്ഷ്യസുരക്ഷാ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ സംരംഭം.

എംബിആർജിഐ മെയ് 13 മുതൽ 15 വരെ 'ഫ്യൂച്ചർ ഫുഡ് സിസ്റ്റംസ് റീഇമാജിനിംഗ്' എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024 ഫുഡ് ഇന്നൊവേഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ആഗോള മാനുഷിക, സഹായ ശ്രമങ്ങളെ പിന്തുണയ്ക്കുക, ഭാവിയിലെ ഭക്ഷ്യ സംവിധാനങ്ങൾ വികസിപ്പിക്കുക, നൂതനമായ ഭക്ഷ്യ ഉൽപ്പാദന സാങ്കേതികവിദ്യകൾ ചർച്ച ചെയ്യുക എന്നിവയാണ് ഇവൻ്റ് ലക്ഷ്യമിടുന്നത്. യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് കോപ്28-ൻ്റെ സമയത്ത് ആരംഭിച്ച ഈ ഹബ്, സംഘർഷങ്ങൾ, കാലാവസ്ഥ വ്യതിയാനം, വർദ്ധിച്ചുവരുന്ന ഭക്ഷണ, ഇന്ധന വിലകൾ എന്നിവ കാരണം ദശലക്ഷക്കണക്കിന് ആളുകളെ ഭീഷണിപ്പെടുത്തുന്ന ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.

ഫുഡ് ഇന്നൊവേഷൻ ഹബ്‌സ് ഗ്ലോബൽ ഇനിഷ്യേറ്റീവിനായി ഒരു ആഗോള പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനായി എംബിആർജിഐ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, മാജിദ് അൽ ഫുട്ടൈം റീട്ടെയിൽ, ഐഎഫ്എഫ്ഒ ഗ്രൂപ്പ്, അൽ ദഹ്‌റ ഹോൾഡിംഗ്, എഡിഎൻഎച്ച് കോമ്പസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഭാവിയിലെ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ബദലുകളെ പിന്തുണയ്‌ക്കുന്നതിനും അതുപോലെ ലോകമെമ്പാടുമുള്ള പ്രതിരോധശേഷിയുള്ള ഭക്ഷ്യ ഉൽപാദന സംവിധാനങ്ങളെ പിന്തുണയ്‌ക്കുന്നതിനും അനുയോജ്യമായ നൂതനത്വങ്ങളും സാങ്കേതികവിദ്യകളും ത്വരിതപ്പെടുത്താനും സ്കെയിൽ ചെയ്യാനും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.

WAM/അമൃത രാധാകൃഷ്ണൻ