അബുദാബി, 14 മെയ്, 2024 (WAM) --അബുദാബി അറബിക് ലാംഗ്വേജ് സെൻ്റർ (എഎൽസി) സംഘടിപ്പിക്കുന്ന ശൈഖ് സായിദ് ബുക്ക് അവാർഡ്, അതിൻ്റെ 19-ാമത് പതിപ്പിനുള്ള സമർപ്പിക്കലുകൾ 2024 സെപ്റ്റംബർ 1 വരെ സ്വീകരിക്കും. സാഹിത്യം, വിവർത്തനം, രാഷ്ട്രങ്ങളുടെ വികസനം, മറ്റ് ഭാഷകളിലെ അറബ് സംസ്കാരം, ബാലസാഹിത്യം, അറബി കയ്യെഴുത്തുപ്രതികളുടെ എഡിറ്റിംഗ്, സാഹിത്യ-കലാ വിമർശനം, യുവ എഴുത്തുകാരൻ, ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വം, പ്രസിദ്ധീകരണവും സാങ്കേതികവിദ്യയും എന്നിവയുൾപ്പെടെ 10 വിഭാഗങ്ങളിലാണ് അവാർഡ്.
ശ്രദ്ധേയമായ സാഹിത്യകൃതികളെയും പ്രമുഖ എഴുത്തുകാരെയും സർഗ്ഗാത്മക മനസ്സിനെയും ഉയർത്തിക്കാട്ടുന്നതിൽ അവാർഡിൻ്റെ വിജയത്തെ എഎൽസി ചെയർമാനും എസ്ഇസഡ്ബിഎയുടെ സെക്രട്ടറി ജനറലുമായ ഡോ. അലി ബിൻ തമീം, പ്രശംസിച്ചു. എഴുത്ത്, വിവർത്തന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യങ്ങൾക്കിടയിൽ സാംസ്കാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഈ അവാർഡ് ഒരു പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അവാർഡിനായി സമർപ്പിക്കുന്ന സൃഷ്ടികൾ, അതേ വർഷം മറ്റൊരു അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെടാതിരിക്കുക, ഒരു ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ISBN) ഉള്ളത്, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് എന്നിവ ഉൾപ്പെടെയുള്ള ചില നിബന്ധനകൾ പാലിക്കണം. അറബി കയ്യെഴുത്തുപ്രതികളുടെ എഡിറ്റിംഗ്, വിവർത്തനം, മറ്റ് ഭാഷാ വിഭാഗങ്ങളിലെ അറബ് സംസ്കാരം എന്നിവ ഒഴികെയുള്ള യഥാർത്ഥ കൃതികൾ അറബിയിൽ എഴുതിയിരിക്കണം എന്നും അധികൃതർ വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ