മൻസൂർ ബിൻ സായിദ് മന്ത്രിതല വികസന കൗൺസിൽ യോഗത്തിൽ അധ്യക്ഷനായി

അബുദാബി, 14 മെയ് 2024 (WAM) -- ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ കാസർ അൽ വതാനിൽ നടന്ന മന്ത്രിതല വികസന കൗൺസിൽ യോഗത്തിന് അധ്യക്ഷനായി.

യോഗത്തിൽ, സർക്കാർ ജോലികൾ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ തന്ത്രപ്രധാന മേഖലകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി മന്ത്രാലയങ്ങളും ഫെഡറൽ വകുപ്പുകളും സമർപ്പിച്ച നിരവധി സംരംഭങ്ങൾ, പദ്ധതികൾ, റെഗുലേറ്ററി ഗൈഡുകൾ എന്നിവ കൗൺസിൽ ചർച്ച ചെയ്തു.

വിദ്യാഭ്യാസം, സംസ്‌കാരം, ഡിജിറ്റൽ രൂപാന്തരം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലെ ദേശീയ നയങ്ങൾക്കും പദ്ധതികൾക്കും പുറമെ ഫെഡറൽ ഗവൺമെൻ്റിൻ്റെ പൊതു സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ മാർഗനിർദേശങ്ങളും കൗൺസിൽ ചർച്ച ചെയ്തു.

ദേശീയ തന്ത്രങ്ങളും നയങ്ങളും നിരവധി മേഖലകളിൽ നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകളും അപ്‌ഡേറ്റുകളും യോഗം അവലോകനം ചെയ്തു.

നിരവധി സർക്കാർ വിഷയങ്ങൾ സംബന്ധിച്ച ഫെഡറൽ നാഷണൽ കൗൺസിലിൻ്റെ അഭ്യർത്ഥനകളും ശുപാർശകളും അന്താരാഷ്ട്ര കോൺഫറൻസുകളിലും ഇവൻ്റുകളിലും രാജ്യത്തിൻ്റെ പങ്കാളിത്തത്തിൻ്റെ ഫലങ്ങളും മന്ത്രിതല വികസന കൗൺസിൽ അവലോകനം ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ