ഡിഐഎഫ്‌സി ഇന്നൊവേഷൻ ഹബ്ബിൽ ദുബായ് എഐ കാമ്പസ് ക്ലസ്റ്റർ ഹംദാൻ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു

ദുബായ്, 18 മെയ്, 2024 (WAM) -- ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ (ഡിഐഎഫ്സി) ഇന്നൊവേഷൻ ഹബ്ബിൽ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഹയർ കമ്മിറ്റി ഫോർ ഫ്യൂച്ചർ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ഇക്കണോമി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എഐ കാമ്പസ് ക്ലസ്റ്റർ ഉദ്ഘാടനം ചെയ്തു.

എല്ലാ പ്രസക്തമായ മേഖലകളിലും നിർമ്മിത ബുദ്ധി ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ സമാരംഭിച്ച വാർഷിക ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (DUB.AI) ആദ്യ ഘട്ടത്തിൻ്റെ ഭാഗമാണ് ഈ നീക്കം.

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി എല്ലാ മേഖലകളിലും എഐയും അതിൻ്റെ ആപ്ലിക്കേഷനുകളും സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്ത്രപരമായ പദ്ധതികൾ ദുബായ് തുടരുകയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.

2023-ൽ പ്രഖ്യാപിച്ച ദുബായ് എഐ കാമ്പസ്, മെന മേഖലയിലെ നിർമ്മിത ബുദ്ധിയുടെയും നൂതന സാങ്കേതികവിദ്യയുടെയും ഏറ്റവും വലിയ സമർപ്പിത ക്ലസ്റ്ററാണ്. ഡിജിറ്റൽ പരിവർത്തനത്തിലൂടെ പ്രതിവർഷം ശരാശരി 100 ബില്യൺ ദിർഹം നേടുന്ന ദുബായുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് ഇത് സംഭാവന ചെയ്യുന്നു. സാങ്കേതിക ബിസിനസുകൾക്കായുള്ള അഭിലഷണീയമായ ലക്ഷ്യസ്ഥാനമായി മാറുന്നതിനും എല്ലാ മേഖലകളിലുമുള്ള നവീകരണത്തിനും സാങ്കേതിക സംയോജനത്തിനും അതിൻ്റെ സംഭാവനകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ദുബായുടെ കാഴ്ചപ്പാടുമായി കാമ്പസ് യോജിക്കുന്നു. 2030-ഓടെ മിഡിൽ ഈസ്റ്റിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് എഐ 230 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് യുഎഇയുടെ ജിഡിപിയുടെ 14% വരും. ടെക് സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിത സഹ-പ്രവർത്തന ഇടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിഐഎഫ്സി ഇന്നൊവേഷൻ ഹബിൻ്റെ ഭാഗമാണ് ദുബായ് എഐ കാമ്പസ്.

10,000 ചതുരശ്ര അടി കാമ്പസിൽ രജിസ്റ്റർ ചെയ്ത 75-ലധികം ബിസിനസുകളോടെ ഒന്നാം ഘട്ടം പൂർത്തിയായി, രണ്ടാം ഘട്ടം 100,000 ചതുരശ്ര അടിയിൽ വ്യാപിപ്പിക്കുകയും 500-ലധികം കമ്പനികളെ ആകർഷിക്കുകയും 2028-ഓടെ 3,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻനിര ടെക് കമ്പനികളുമായി ബഹുരാഷ്ട്ര സാങ്കേതിക പങ്കാളിത്തത്തിന് കാമ്പസ് സൗകര്യമൊരുക്കുന്നു. ഉയർന്ന കമ്പ്യൂട്ടിംഗ് കഴിവുകളും അത്യാധുനിക ബിസിനസ് ആക്സിലറേറ്റർ പ്രോഗ്രാമുകളും നൽകുന്നു. കാമ്പസ്, നിക്ഷേപകർക്കും ഡിജിറ്റൽ അസറ്റുകളുടെ ഉപയോക്താക്കൾക്കും നിയമപരമായ ഉറപ്പ് നൽകിക്കൊണ്ട് തനതായ എഐ ലൈസൻസും ഡിഐഎഫ്സിയുടെ ഡിജിറ്റൽ അസറ്റ് നിയമവും വാഗ്ദാനം ചെയ്യും.

WAM/അമൃത രാധാകൃഷ്ണൻ