അബുദാബി, 19 മെയ്, 2024 (WAM) --മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ ഡയറക്ടർ ബോർഡ് യോഗത്തിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) പ്രസിഡൻ്റുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായി. ബഹിരാകാശ മേഖലയിലെ എമിറാത്തി ദൗത്യങ്ങൾക്കും പദ്ധതികൾക്കും പ്രചോദനം നൽകുന്നതിൽ കേന്ദ്രത്തിൻ്റെ പങ്കാളിത്തം അദ്ദേഹം എടുത്തുപറഞ്ഞു.
എംബിആർഎസ്‌സി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൻ്റെ യോഗത്തിൽ, യുഎഇ സാറ്റലൈറ്റ് പ്രോഗ്രാമിന് കീഴിലുള്ള ഉപഗ്രഹങ്ങളുടെ (MBZ-SAT, HCT-SAT 1 എന്നിവ ഉൾപ്പടെ) വികസനത്തിനും വിക്ഷേപണത്തിനുമുള്ള തന്ത്രപരമായ പദ്ധതികൾ ശൈഖ് ഹംദാൻ അവലോകനം ചെയ്തു. എമിറേറ്റ്‌സ് എയർലോക്ക് പദ്ധതി, ഗേറ്റ്‌വേ ചാന്ദ്ര ബഹിരാകാശ നിലയത്തിനായുള്ള ക്രൂ, സയൻസ് എയർലോക്ക് മൊഡ്യൂൾ, ചന്ദ്രനെ പര്യവേക്ഷണം ചെയ്യാനുള്ള യുഎഇയുടെ ഏറ്റവും പുതിയ ദൗത്യമായ റാഷിദ് റോവർ 2 ൻ്റെ പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ബഹിരാകാശ മേഖലയിൽ പുതിയ ഉയരങ്ങളിലെത്തുക മാത്രമല്ല, വലിയ സ്വപ്‌നങ്ങൾ കാണാനും ഉയർന്ന ലക്ഷ്യങ്ങൾ നേടാനും ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ ഊന്നിപ്പറഞ്ഞു. സമാരംഭിക്കുന്ന ഓരോ പുതിയ പ്രോജക്റ്റും യുഎഇയുടെ ദേശീയ കഴിവുകൾ വർധിപ്പിക്കുകയും ബഹിരാകാശ ശാസ്ത്രത്തിലെ നവീകരണത്തിൻ്റെയും മികവിൻ്റെയും പര്യായമായി യുഎഇ നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായി, അദ്ദേഹം അടിവരയിട്ടു.
ബോർഡ് മീറ്റിംഗിന് ശേഷം, ശൈഖ് ഹംദാൻ യുഎഇ ബഹിരാകാശയാത്രികരായ മുഹമ്മദ് അൽമുല്ലയെയും നോറ അൽമത്രൂഷിയെയും കണ്ടു, ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് തയ്യാറായിക്കഴിഞ്ഞ പൂർണ്ണ യോഗ്യതയുള്ള ബഹിരാകാശയാത്രികർ എന്ന നിലയിൽ നാസ ബഹിരാകാശയാത്രികൻ കാൻഡിഡേറ്റ് ക്ലാസ് പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടിയതിന് അവരെ അഭിനന്ദിച്ചു. യുഎഇ ബഹിരാകാശയാത്രിക പ്രോഗ്രാമിനെയും അതിൻ്റെ വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ചുള്ള അപ്‌ഡേറ്റുകളെ കുറിച്ച് ബഹിരാകാശയാത്രികരുടെ ഓഫീസ് മാനേജർ ബഹിരാകാശയാത്രിക ഹസ്സ അൽമൻസൂരി അദ്ദേഹത്തെ അറിയിച്ചു.
സാങ്കേതിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യൻ്റെ അറിവിന് ഗണ്യമായ സംഭാവന നൽകുകയും ഭൂമിയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സഹകരണ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന്, കേന്ദ്രത്തിൻ്റെ ഡയറക്ടർ ജനറൽ സേലം ഹുമൈദ് അൽമറി ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ