മാമ്പഴങ്ങൾ പഴുപ്പിക്കാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി, 19 മെയ്, 2024 (WAM) --ഇന്ത്യയിലെ മാമ്പഴ സീസണിൻ്റെ തുടക്കത്തോട് അനുബന്ധിച്ച്, ദോഷകരമായ രാസവസ്തുക്കളും വാതകങ്ങളും ഉപയോഗിച്ച് പഴങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനുള്ള നിരോധിച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സ്ഥിരീകരിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ആർസെനിക്കും ഫോസ്ഫറസും അടങ്ങിയ ഹാനികരമായ അസറ്റിലീൻ വാതകം പുറത്തുവിടുന്നതിനാൽ കൃത്രിമ പഴുപ്പിനായി കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് ദോഷകരമാണെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകി.

എന്നിരുന്നാലും, പഴങ്ങൾ പാകമാകുന്നതിന്, എഥിലീൻ വാതകത്തിൻ്റെ ഉപയോഗം അധികൃതർ അംഗീകരിച്ചു. "പഴങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹോർമോണായ എഥിലീൻ, പഴങ്ങൾ പാകമാകുന്നതിലേക്ക് നയിക്കുന്ന രാസ, ജൈവ രാസപ്രവർത്തനങ്ങൾ ആരംഭിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു," എന്ന് പ്രസ്താവനയിൽ അറിയിച്ചു.

ലഭ്യമായ കണക്കുകൾ പ്രകാരം, 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 22,963.76 മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്തു.

സർക്കാർ നടത്തുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി (APEDA) കണക്കു പ്രകാരം ഈ ചരക്കുകളുടെ ആകെ മൂല്യം 48.53 മില്യൺ ഡോളറാണ്.

ജിസിസി രാജ്യങ്ങൾ, യുകെ, യുഎസ് എന്നിവയാണ് ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രധാന കയറ്റുമതി വിപണികൾ. ഹാനികരമായ ആർസെനിക്കും ഫോസ്ഫറസും അടങ്ങിയ അസറ്റിലീൻ വാതകം ഉപയോഗിച്ച് പഴങ്ങൾ വിപണിയിൽ വിൽക്കരുതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

WAM/അമൃത രാധാകൃഷ്ണൻ