2024 ലെ ഒന്നാം പാദത്തിൽ 23 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ്, 2024 മെയ് 21 (wam) -- 2024 ആദ്യ പാദ കണക്കുകൾ പുറത്തു വരുമ്പോൾ 23 ദശലക്ഷം അതിഥികളെ സ്വീകരിച്ചു എന്ന കണക്കോടെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ പാദം രേഖപ്പെടുത്തിയിരിക്കയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.4% വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. ഈ പാദത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണം 23,052,060 അതിഥികളിൽ എത്തി, ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തിയ ജനുവരിയിൽ ഇത് 7.9 ദശലക്ഷമായിരുന്നു.

എമിറേറ്റ്‌സും ഫ്‌ളൈദുബായും ചേർന്ന് ഹബ്ബിലേക്ക് ചേർത്ത നഗരങ്ങളുടെ വ്യാപനമാണ് യാത്രക്കാരുടെ എണ്ണത്തിലെ ഈ വർധനവിന് കാരണമെന്ന് സിഇഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. പ്രതിഭകളെയും ബിസിനസുകളെയും വിനോദസഞ്ചാരത്തെയും ആകർഷിക്കുന്നതിൽ ദുബായ് ഒരു ആഗോള നേതാവായി മാറുന്നതിനാൽ വളർച്ചയുടെ വേഗത നിലനിർത്തുകയും എല്ലാ അതിഥികൾക്കും മൊത്തത്തിലുള്ള എയർപോർട്ട് അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

2018-ലെ മുൻ വാർഷിക ട്രാഫിക് റെക്കോർഡ് 89.1 ദശലക്ഷമായിരുന്നു, ഈ വർഷം 91 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി എയർപോർട്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഡിഎക്സ്ബി 102 രാജ്യങ്ങളിലെ 256 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 90 അന്താരാഷ്ട്ര കാരിയറുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ദുബായിയുടെ ലോകമെമ്പാടുമുള്ള വാണിജ്യ കേന്ദ്രമെന്ന പദവി ഉയർത്തുന്നു. മൊത്തം 3.1 ദശലക്ഷം യാത്രക്കാരുള്ള ഡിഎക്സ്ബിയുടെ പ്രാഥമിക ലക്ഷ്യസ്ഥാന രാജ്യമെന്ന നിലയിൽ ഇന്ത്യ അതിൻ്റെ സ്ഥാനം നിലനിർത്തി. ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള നഗരങ്ങൾ ലണ്ടൻ, റിയാദ്, ജിദ്ദ, മുംബൈ എന്നിവയാണ്.


WAM/അമൃത രാധാകൃഷ്ണൻ