അബുദാബി, 22 മെയ്, 2024 (WAM) -- പ്രകൃതിയുടെയും ഗ്രഹത്തിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന് ജൈവവൈവിധ്യം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് അടിവരയിട്ടു. എല്ലാ മേഖലകളിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിച്ചും പരിസ്ഥിതി സംരക്ഷിച്ചും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ ഉപയോഗിച്ചും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള യുഎഇയുടെ ശ്രമങ്ങളെ ഇത് വർധിപ്പിക്കുന്നു.
മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് അൽ ദഹക്ക് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ പ്രമേയം 'പദ്ധതിയുടെ ഭാഗമാകൂ' എന്നതാണ്, ജൈവവൈവിധ്യത്തിൻ്റെ നഷ്ടം തടയുന്നതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എല്ലാ കക്ഷികളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രമേയം ഒരുമിച്ച് പ്രവർത്തിക്കുന്നതിനും സമൂഹത്തിൽ പങ്കാളികളാകാനുള്ള കഴിവ് ഓരോ പൗരനും നൽകുന്നതിനുമായി വാണിജ്യ മേഖല ഉൾപ്പെടെ എല്ലാ പ്രസക്ത കക്ഷികളുടെയും സഹായം തേടാനുള്ള യുഎഇയുടെ തന്ത്രത്തിന് അനുസൃതമാണ്.
"യുഎഇയിലും ആഗോളതലത്തിലും സാമ്പത്തികവും സാമൂഹികവുമായ വികസനം കൈവരിക്കുന്നതിനുള്ള പ്രാഥമിക പ്രതിരോധ രേഖ പ്രകൃതിയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്. ജൈവവൈവിധ്യത്തിൻ്റെ നഷ്ടം നമ്മുടെ ഗ്രഹത്തിനും മനുഷ്യരാശിക്കും ഒരു യഥാർത്ഥ ഭീഷണിയാണ്," അവർ ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ 50 വർഷത്തിനിടയിൽ വന്യജീവികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 69% ഇടിവുണ്ടായതിൻ്റെ പ്രധാന കാരണം വനനശീകരണവും മരുഭൂവൽക്കരണവുമാണെന്ന് എന്ന് മന്ത്രി അവകാശപ്പെട്ടു. ഹിമത്താൽ മൂടപ്പെടാത്ത പ്രദേശത്തിൻ്റെ 70%-ലധികം മനുഷ്യരുടെ പ്രവർത്തനങ്ങളാൽ ബാധിച്ചിരിക്കുന്നു; ഇത് വംശനാശം സംഭവിച്ച ജീവികളുടെ എണ്ണം വർദ്ധിപ്പിച്ചതായും, അവർ കൂട്ടിച്ചേർത്തു.
ജൈവവൈവിധ്യവും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും കൊണ്ട് സമ്പന്നമായ 49 സംരക്ഷിത മേഖലകൾ യുഎഇയിലുണ്ട്, ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് ഇത് തെളിയിക്കുന്നതായി, അവർ വിശദീകരിച്ചു. കൂടാതെ, കണ്ടൽ വനങ്ങൾ പ്രകൃതിദത്തമായ കാർബൺ സിങ്കുകൾ എന്ന നിലയിൽ അത്യന്താപേക്ഷിതമായതിനാലും തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ അവ സഹായിക്കുന്നതിനാലും, കണ്ടൽക്കാടുകൾ വളർത്തുന്നതിന് യുഎഇ ഉയർന്ന മുൻഗണന നൽകുന്നു. 2030ഓടെ 100 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുമെന്ന യുഎഇയുടെ വാഗ്ദാനം ഈ സമർപ്പണത്തിൻ്റെ ഉദാഹരണമാണ്.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള പദ്ധതിയിൽ പരിസ്ഥിതിയുടെയും പ്രകൃതി ആവാസവ്യവസ്ഥയുടെയും നിർണായക പങ്ക് ഊന്നിപ്പറയുന്ന ചരിത്രപരമായ യുഎഇ സമവായം, കോപ്28 അജണ്ട ജൈവവൈവിധ്യത്തിന് ശക്തമായ ഊന്നൽ നൽകിയതിൻ്റെ ഫലമാണെന്ന്, മന്ത്രി അൽ ദഹക് സ്ഥിരീകരിച്ചു. കോപ്28 പ്രതികരണം ഇതിനെ പ്രതിഫലിപ്പിച്ചു, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രകൃതിയും ജൈവവൈവിധ്യവും ഉൾപ്പെടുത്തുന്നതിൻ്റെ പ്രാധാന്യം അവർ എടുത്തുകാണിച്ചു.
WAM/അമൃത രാധാകൃഷ്ണൻ