പ്രളയക്കെടുതിയുടെ ആഘാതം പരിഹരിക്കാൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുലിനെ പിന്തുണയ്ക്കാൻ മാനുഷിക സംരംഭം സംഘടിപ്പിച്ച് യുഎഇ

അബുദാബി, 22 മെയ്, 2024 (WAM) --സമീപകാല വെള്ളപ്പൊക്കത്തിൻ്റെ ആഘാതം പരിഹരിക്കാൻ സഹായിക്കുന്നതിനായി യുഎഇ 'ബ്രസീൽ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുലിനെ പിന്തുണയ്ക്കുക' എന്ന പേരിൽ ഒരു മാനുഷിക സംരംഭം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം, ദുബായിലെ ഇസ്‌ലാമിക് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ്, എക്‌സ്‌പോ സിറ്റി ദുബായ്, 'ഡേ ഫോർ ദുബായ്' വോളണ്ടിയർ പ്രോഗ്രാം എന്നിവ ചേർന്നാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.

എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെൻ്ററിൽ 300 ഓളം സന്നദ്ധപ്രവർത്തകർ കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ പാക്കേജുകൾ ശേഖരിക്കും. പാക്കേജുകൾ പിന്നീട് ബ്രസീലിലേക്ക് അയയ്ക്കും. ഈ സംരംഭം ബ്രസീലുമായുള്ള യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുകയും പ്രകൃതി ദുരന്തങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾ നൽകുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളെ എടുത്തുകാട്ടുകയും ചെയ്യുന്നു. നിലവിൽ 200 ടൺ ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ഇലക്ട്രിക് ജനറേറ്ററുകൾ, സോളാർ ലൈറ്റിംഗ് ഉപകരണങ്ങൾ എന്നിവയുമായി രണ്ട് വിമാനങ്ങൾ ബ്രസീലിലേക്ക് അയച്ചു.

യുഎഇയുടെ ഉദാരമായ സംഭാവനയ്ക്ക്,യുഎഇയിലെ ബ്രസീൽ അംബാസഡർ സിഡ്‌നി ലിയോൺ റൊമേറോ നന്ദി അറിയിച്ചു. മാനുഷിക കാമ്പയിൻ ബ്രസീലിയൻ ജനതയുടെ ഹൃദയത്തിലും മനസ്സിലും എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ