അബുദാബി, 28 മെയ്, 2024 (WAM) --മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ് (എംഐഐടിഇ) ഫോറത്തിൻ്റെ ആദ്യ ദിവസം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും (എംഒഇഐ) വ്യവസായ,നൂതന സാങ്കേതികവിദ്യ മന്ത്രാലയവും (എംഒഐഎടി) ഫെഡറൽ റെഗുലേഷൻ ഫോർ എനർജി മാനേജ്‌മെൻ്റിനെക്കുറിച്ച് ഒരു പാനൽ ചർച്ച സംഘടിപ്പിച്ചു.
വ്യാവസായിക സംരംഭങ്ങൾക്കിടയിൽ ഉപഭോഗം കുറയ്ക്കുന്നതിനും ഡീകാർബണൈസേഷൻ വേഗത്തിലാക്കുന്നതിനും ഊർജ്ജ മാനേജ്മെൻ്റിലെ പ്രവർത്തന മികവ് പ്രോത്സാഹിപ്പിക്കുന്ന ഈ നിയന്ത്രണം വ്യാവസായിക മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.
വ്യാവസായിക മേഖലയിൽ നിയന്ത്രണങ്ങൾ ചെലുത്തുന്ന സ്വാധീനവും സുസ്ഥിര വികസനത്തിലേക്കുള്ള മാർഗരേഖയും പാനൽ ചർച്ച ചെയ്തു. ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വ്യാവസായിക മേഖലയിലുടനീളം നല്ല മാറ്റങ്ങൾ വരുത്തുന്നതിനുമായി വികസിപ്പിച്ച പദ്ധതികളും സെഷൻ പ്രദർശിപ്പിച്ചു.
വ്യാവസായിക സൗകര്യങ്ങളിൽ ഫെഡറൽ റെഗുലേഷൻ ഫോർ എനർജി മാനേജ്‌മെൻ്റിൻ്റെ സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരമാണ് ശിൽപശാല നൽകുന്നതെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ വൈദ്യുതി, ജലം, ഭാവി ഊർജ മേഖല അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അഹമ്മദ് അൽ കാബി പറഞ്ഞു.
വ്യാവസായിക മേഖലയിലുടനീളം 2050 ഓടെ 63 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് തുല്യമായ സംഭാവന നൽകാനും, ഊർജ ആവശ്യം 33% കുറയ്ക്കാനും, വായുവിൻ്റെ ഗുണനിലവാരം 32% വർദ്ധിപ്പിക്കാനുമാണ് നിയന്ത്രണം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാവസായിക മേഖലയിലെ നിക്ഷേപ ആകർഷണം, വളർച്ച, മത്സരക്ഷമത എന്നിവ വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ ഓപ്പറേഷൻ 300 ബില്യൺ എന്ന വ്യവസായത്തിനും നൂതന സാങ്കേതികവിദ്യയ്ക്കുമുള്ള ദേശീയ തന്ത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യവസായ, നൂതന സാങ്കേതിക വിദ്യ മന്ത്രാലയത്തിലെ ഇൻഡസ്ട്രി ആക്‌സിലറേറ്റേഴ്‌സ് സെക്‌ടറിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഒസാമ അമീർ ഫദേൽ പറഞ്ഞു.
ഉദ്‌വമനം കുറയ്ക്കുന്നതിനും വ്യാവസായിക സൗകര്യങ്ങളിൽ സുസ്ഥിരമായ രീതികൾ വർധിപ്പിക്കുന്നതിനും ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നത് നിർണായകമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
"വ്യാവസായിക സുസ്ഥിരതയെ പിന്തുണയ്ക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഞങ്ങൾ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം, പ്രാദേശിക സർക്കാരുകൾ, സ്വകാര്യ മേഖല എന്നിവയുമായി സഹകരിക്കുന്നു. ഇതിൽ 'മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ്' സംരംഭത്തിന് കീഴിൽ നിയന്ത്രണങ്ങൾ വികസിപ്പിക്കുകയും സാങ്കേതിക പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് നിക്ഷേപ ആകർഷണവും മത്സരക്ഷമതയും വർദ്ധിപ്പിക്കും," അദ്ദേഹം പറഞ്ഞു.
ഉയർന്ന ഉപയോഗമുള്ള വ്യവസായ മേഖലയിൽ ഊർജ ഉപഭോഗം നിയന്ത്രിക്കുന്നതിന് മന്ത്രാലയം മുൻഗണന നൽകുന്നു. വ്യാവസായിക സൗകര്യങ്ങളിലെ എനർജി മാനേജ്‌മെൻ്റ് സംബന്ധിച്ച ഫെഡറൽ റെഗുലേഷൻ, ഊർജ കാര്യക്ഷമത നവീകരിക്കാനും മെച്ചപ്പെടുത്താനും കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
WAM/അമൃത രാധാകൃഷ്ണൻ