യുഎഇ, കൊറിയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്ത് രാഷ്ട്രപതിമാർ

അബുദാബി, 2024 മെയ് 29 (WAM) -- വിവിധ മേഖലകളിലായി യുഎഇയും കൊറിയയും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോളും ഇന്ന് കൂടിക്കാഴ്ച നടത്തി. സിയോളിലെ പ്രസിഡൻ്റിൻ്റെ ഓഫീസിൽ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചയ്ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.

സമ്പദ്‌വ്യവസ്ഥയും നിക്ഷേപവും, ശുദ്ധ ഊർജം, ആണവോർജം, പ്രതിരോധ സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ നിലവിലുള്ളതും സാധ്യതയുള്ളതുമായ സഹകരണം നേതാക്കൾ അവലോകനം ചെയ്തു. മിഡിൽ ഈസ്റ്റിലെ സമാധാനം, സ്ഥിരത, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിൻ്റെ പ്രാധാന്യം പോലുള്ള പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവർ ചർച്ച ചെയ്തു.

യുഎഇയും കൊറിയയും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിൻ്റെ പങ്കിട്ട താത്പര്യത്തിന് അനുസൃതമായി വ്യാപിക്കുന്ന സഹകരണത്തിനുള്ള നിരവധി അവസരങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും സ്ഥിരീകരിച്ചു. യുഎഇയും കൊറിയയും പൊതുതാൽപ്പര്യങ്ങൾ, പരസ്പര ബഹുമാനം, ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള തന്ത്രപരമായ ബന്ധമാണ് ആസ്വദിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 2009 മുതൽ, യുഎഇയുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ പദ്ധതികളിലൊന്നായ ബരാകാ ന്യൂക്ലിയർ എനർജി പ്ലാൻ്റിൽ ഇരു രാജ്യങ്ങളും വിജയകരമായി പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളുടെയും സുസ്ഥിര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കൈവരിക്കുന്നതിന് തുടർച്ചയായ സഹകരണത്തിനുള്ള തൻ്റെ അഭിലാഷത്തെ അദ്ദേഹം അടിവരയിടുകയും വിവിധ മേഖലകളിൽ അവരുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. ഊർജം, കാലാവസ്ഥ വ്യതിയാനം, അടിസ്ഥാന സൗകര്യം, വ്യാപാരം, സാങ്കേതിക വിദ്യ, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്ന കരാറുകൾ, വികസനവും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാട് പങ്കിടുന്ന രാജ്യങ്ങളുമായി വികസന പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ സമീപനത്തെ ഉദാഹരിക്കുന്നു.

യുഎഇയുമായി അടുത്ത തന്ത്രപരമായ ബന്ധം പങ്കിടുന്ന ദക്ഷിണ കൊറിയ സന്ദർശിക്കുന്നതിൽ യുഎഇ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. യുഎഇ പ്രതിനിധി സംഘത്തിന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം പ്രസിഡണ്ട് യൂൻ സുക് യോളിനും കൊറിയൻ ജനതയ്ക്കും നന്ദി രേഖപ്പെടുത്തുകയും കൊറിയയുടെ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും ആശംസിക്കുകയും ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ