ബെയ്ജിംഗ്, 31 മെയ്, 2024 (WAM) -- ചൈനയിലേക്കുള്ള തൻ്റെ ദ്വിദിന സംസ്ഥാന സന്ദർശനത്തിൻ്റെ ഭാഗമായി, രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് സർവകലാശാലകളിലും സ്ഥാപനങ്ങളിലും പഠിക്കുന്ന നിരവധി എമിറാത്തി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ, ശൈഖ് മുഹമ്മദ് വിദ്യാർത്ഥികളുടെ ക്ഷേമത്തെക്കുറിച്ചും അക്കാദമിക് പുരോഗതിയെക്കുറിച്ചും ആരാഞ്ഞു, അവരെ കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും അവരുടെ പഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
യുഎഇയിലെ യുവാക്കളാണ് രാജ്യത്തിൻ്റെ യഥാർത്ഥ സമ്പത്തെന്നും വളർച്ചക്കായുള്ള അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
യുഎഇയുടെ മൂല്യങ്ങളും തത്വങ്ങളും അവരുടെ പെരുമാറ്റത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ട് ചൈനയിൽ തങ്ങളുടെ രാജ്യത്തിൻ്റെ പോസിറ്റീവ് ഇമേജ് അവതരിപ്പിക്കാനും ശൈഖ് മുഹമ്മദ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. അവർ മടങ്ങിയെത്തിയാൽ എമിറാത്തികൾക്കും ചൈനക്കാർക്കുമിടയിൽ സാംസ്കാരിക പാലങ്ങളായി പ്രവർത്തിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വദേശത്തും വിദേശത്തുമുള്ള യുവ ഇമറാത്തികൾക്ക് അദ്ദേഹം നൽകിയ തുടർച്ചയായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ യുഎഇ രാഷ്ട്രപതിയെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. ഈ മീറ്റിംഗ് തങ്ങളുടെ പഠനത്തിന് കാര്യമായ ധാർമ്മിക ഉത്തേജനം നൽകിയെന്നും മടങ്ങിവരുമ്പോൾ യുഎഇയുടെ വികസനത്തിന് തങ്ങൾ സംഭാവന ചെയ്യുമെന്ന ശൈഖ് മുഹമ്മദിൻ്റെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്നും അവർ പങ്കുവെച്ചു.
രാഷ്ട്രപതിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ