യുഎഇ രാഷ്ട്രപതിയും ഖത്തർ അമീറും സാഹോദര്യ ബന്ധങ്ങളും പ്രാദേശിക വികസനങ്ങളും ചർച്ച ചെയ്തു

അബുദാബി, 2 ജൂൺ 2024 (WAM) -യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യങ്ങളും സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകളും കൈവരിക്കുന്നതിന് വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ, പ്രത്യേകിച്ച് ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധി അവർ അവലോകനം ചെയ്തു.

ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഗാസ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിർദ്ദേശങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഗാസ മുനമ്പിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതിരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിപൂർവകവും സമഗ്രവും ശാശ്വതവുമായ സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക് യുഎഇയുടെയും ഖത്തറിൻ്റെയും പിന്തുണ അവർ ഉറപ്പിച്ചു.

WAM/അമൃത രാധാകൃഷ്ണൻ