അബുദാബി, 4 ജൂൺ 2024 (WAM) --യുഎഇ-മലേഷ്യ സംയുക്ത സമിതിയുടെ ആദ്യ റൗണ്ട് അബുദാബിയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗും മലേഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അലമിനും ചേർന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്പദ്‌വ്യവസ്ഥ, ടൂറിസം, സംരംഭകത്വം, എസ്എംഇകൾ, ഫിൻടെക്, ഇന്നൊവേഷൻ, ഗതാഗതം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്‌സ്, കൃഷി, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ, യുഎഇയും മലേഷ്യയും തമ്മിലുള്ള പൊതു താൽപ്പര്യമുള്ള വിവിധ മേഖലകളിലെ ശക്തമായ ബന്ധത്തെയും ഫലപ്രദമായ സഹകരണത്തെയും അൽ സയേഗ് അഭിനന്ദിച്ചു. സാമ്പത്തിക പങ്കാളിത്തത്തിലെ തുടർച്ചയായ വളർച്ചയും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിൽ നിന്നുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ദൃഢമായ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
"യുഎഇ-മലേഷ്യ സംയുക്ത സമിതിയുടെ ആദ്യ സെഷൻ്റെ തുടക്കം നിലവിലെ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും പരസ്പര താൽപ്പര്യമുള്ള കൂടുതൽ മേഖലകൾ സംയോജിപ്പിക്കുന്നതിന് വിപുലീകരിക്കാനുമുള്ള ഞങ്ങളുടെ പരസ്പര പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അൽ സയേഗ് പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനും എമിറാത്തി, മലേഷ്യൻ സ്വകാര്യ മേഖലകളുടെ സംഭാവന ശക്തിപ്പെടുത്തുന്നതിനുമുള്ള നൂതന തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് സംയുക്ത സമിതി സാക്ഷ്യം വഹിച്ചു.
കൂടാതെ, സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു രാജ്യങ്ങൾക്കും പങ്കാളിത്തത്തിൻ്റെയും പരസ്പര സമൃദ്ധിയുടെയും പൊതുവായ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനും കമ്മിറ്റി ചർച്ച ചെയ്തു.
സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും യുഎഇയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള മലേഷ്യയുടെ താൽപ്പര്യം മലേഷ്യയുടെ സഹവിദേശകാര്യ മന്ത്രി ബിൻ അലമിൻ തൻ്റെ പ്രസംഗത്തിൽ അറിയിച്ചു.
മുൻഗണനാ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള ഏകോപനം തുടരുന്നതോടെ രണ്ടാം സെഷൻ മലേഷ്യയിൽ നടത്താനുള്ള കരാറിലും കരട് മിനിറ്റിലും ഒപ്പുവെച്ചാണ് സെഷൻ സമാപിച്ചത്.
WAM/അമൃത രാധാകൃഷ്ണൻ