ആറാമത് 'ഗൾഫ് മാധ്യമം കം ഓൺ കേരള' ജൂൺ 7 മുതൽ 9 വരെ ഷാർജ എക്സ്പോ സെൻ്ററിൽ

അബുദാബി, 4 ജൂൺ 2024 (WAM) --മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യാപാര, വിനോദ, സാംസ്കാരിക മേളയായ ഗൾഫ് മാധ്യമം കം ഓൺ കേരള-2024 ൻ്റെ ആറാമത് പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ജൂൺ 7, 8, 9 തീയതികളിൽ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന പരിപാടിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും യുഎഇയിലും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്ന ബിസിനസ് ഉച്ചകോടികൾ, വാണിജ്യ പ്രദർശനങ്ങൾ, വിനോദം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാംസ്കാരിക, സംഗീത പരിപാടികൾ എന്നിവ മൂന്ന് രാത്രികളിലായി എക്സ്പോയിൽ അവതരിപ്പിക്കും.

ഇൻഡോ-അറബ് വിമൻസ് എക്‌സലൻസ് അവാർഡുകൾ ഇന്ത്യൻ, അറബ് വനിതാ സംരംഭകരെ ആദരിക്കും, കൂടാതെ കുട്ടികൾക്കായി ലിറ്റിൽ ആർട്ടിസ്റ്റ് എന്ന പേരിൽ പ്രത്യേക ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള വിവിധ മത്സരങ്ങളും പരിശീലന ശിൽപശാലകളും കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.കൂടാതെ, ടിക്കറ്റ് ഉടമകൾക്കും പങ്കെടുക്കുന്നവർക്കും ഗണ്യമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും പരിപാടി ഒരുക്കുന്നു. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന 'ഗൾഫ് മാധ്യമം' രജതജൂബിലി ആഘോഷത്തോടെ ജൂൺ 9ന് എക്‌സ്‌പോ സമാപിക്കും.

മിഡിൽ ഈസ്റ്റുമായുള്ള ഇന്ത്യയുടെ വാണിജ്യബന്ധം ശക്തിപ്പെടുത്താനും ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, ഷോപ്പിംഗ്, ഇൻ്റീരിയർ ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള സംരംഭകരെ പ്രദർശിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു. എ ആർ റഹ്മാൻ്റെ കാലാതീതമായ ഗാനങ്ങൾ ഉൾക്കൊള്ളുന്ന 'റഹ്മാനിയ', ഇന്ത്യൻ സ്ത്രീത്വം വിളിച്ചോതുന്ന 'ഓർമ്മകളുടെ തിരമാലകൾ', സോഷ്യൽ മീഡിയയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഹൃദയം കീഴടക്കിയ താരങ്ങളെ അവതരിപ്പിക്കുന്ന 'ബീറ്റ്സ് ഓഫ് കേരള' തുടങ്ങി സാംസ്കാരിക പരിപാടികളും കം ഓൺ കേരളയുടെ ഭാഗമായി നടക്കും.

WAM/അമൃത രാധാകൃഷ്ണൻ