മിഡ്ഡേ ബ്രേക്കിൽ ഡെലിവറി തൊഴിലാളികൾക്കായി യുഎഇ 6,000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

ദുബായ്, 7 ജൂൺ 2024 (WAM) --യുഎഇയിലുടനീളമുള്ള ഡെലിവറി സേവന തൊഴിലാളികൾക്കായി സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലാ കമ്പനികളുമായും സഹകരിച്ച് മിഡ്ഡേ ബ്രേക്കിൽ 6,000 വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ); അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ; യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ, തലാബത്ത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികൾ, നിരവധി റെസ്റ്റോറൻ്റുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവയും ഡെലിവറി സർവീസ് ഡ്രൈവർമാർക്ക് വിശ്രമ സ്ഥലങ്ങൾ ഒരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഡെലിവറി തൊഴിലാളികൾക്കായി, ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ മധ്യാഹ്ന ഇടവേളയിൽ 365 വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയ കഴിഞ്ഞ വർഷം ആരംഭിച്ച സംരംഭത്തിൻ്റെ തുടർച്ചയാണ് ഈ സംരംഭം.


WAM/അമൃത രാധാകൃഷ്ണൻ