താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി പുതിയ ‘നോൾ ട്രാവൽ’ കാർഡ് പുറത്തിറക്കി ആർടിഎ

ദുബായ്, 10 ജൂൺ 2024 (WAM) -- ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഉപയോക്താക്കൾക്ക് പൊതുഗതാഗതവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, ടാക്സി നിരക്ക് പേയ്‌മെൻ്റുകൾ, പാർക്കിംഗ് ഫീസ്, എക്‌സ്‌ക്ലൂസീവ് പ്രൊമോഷണൽ ഓഫറുകൾ എന്നിവയുമായി ബന്ധപ്പെട്ട 'നോൾ ട്രാവൽ' ഡിസ്‌കൗണ്ട് കാർഡ് സംരംഭം അവതരിപ്പിച്ചു.

എംഡിഎക്സ് സോല്യൂഷൻസ് മിഡിൽ ഈസ്റ്റുമായി സഹകരിച്ചുള്ള കാർഡ് സൂം, അൽ അൻസാരി എക്സ്ചേഞ്ച്, എയർപോർട്ടിലെ യൂറോ കാർ, റെയ്‌ന ടൂർസ് ഓഫീസുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.

യുഎഇയിലെ താമസക്കാർ, വിനോദസഞ്ചാരികൾ, സന്ദർശകർ എന്നിവരുൾപ്പെടെയുള്ള പൊതുഗതാഗത ഉപയോക്താക്കൾക്കുള്ള പ്രോത്സാഹന പാക്കേജാണ് നോൽ ട്രാവൽ കാർഡ് എന്ന് ആർടിഎയിലെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് യൂസഫ് അൽ മുദർറെബ് പറഞ്ഞു. ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്‌ടാനുസൃതമാക്കിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഈ സംരംഭത്തിലൂടെ പൊതുജനങ്ങളെ സന്തോഷിപ്പിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"നോൾ ട്രാവൽ" കാർഡ് ഉപയോക്താക്കൾക്ക് സംയോജിത പൊതുഗതാഗത സേവനങ്ങളും ഒരു കാർഡ് വഴി ടൂറിസ്റ്റ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു. ദുബായിൽ 5 ദശലക്ഷത്തിലധികം ഉപയോക്താക്കളും 3 ദശലക്ഷത്തിലധികം ഇടപാടുകളും ഉള്ള നോൾ ബ്രാൻഡ് ശക്തമായ പേയ്‌മെൻ്റ് രീതിയാണ്," അൽ മുദർറെബ് അഭിപ്രായപ്പെട്ടു.

പൊതുഗതാഗത, ടാക്സി നിരക്കുകൾ, പാർക്കിംഗ് ഫീസ്, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ വാങ്ങലുകൾ എന്നിവ ഉൾപ്പെടെ നിലവിലുള്ള നോൾ കാർഡിൻ്റെ ആനുകൂല്യങ്ങൾ കാർഡ് പൂർത്തീകരിക്കുന്നു. 'നോൾ ട്രാവൽ' കാർഡ് വാങ്ങുന്നവർക്ക് ഒരു സാധാരണ നോൾ കാർഡ് ലഭിക്കും, ഇത് താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമാണ്, ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ, മറൈൻ ഗതാഗതം എന്നിവയിൽ സഞ്ചരിക്കാൻ ഈ കാർഡുകൾ അവരെ പ്രാപ്തരാക്കുന്നു.


WAM/ അമൃത രാധാകൃഷ്ണൻ