ന്യൂയോർക്ക്, 11 ജൂൺ 2024 (WAM) --ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഘട്ടങ്ങളിലായി സമഗ്രമായ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു. വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ച പ്രമേയം, കാലതാമസമില്ലാതെയും ഉപാധികളില്ലാതെയും നിർദ്ദേശത്തിലെ വ്യവസ്ഥകൾ പൂർണ്ണമായും നടപ്പിലാക്കാൻ ഇരു പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. ഹമാസ് പ്രമേയത്തെ സ്വാഗതം ചെയ്യുകയും പദ്ധതിയുടെ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ മധ്യസ്ഥരുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഗാസ മുനമ്പിലെ ജനസംഖ്യാപര മോ പ്രദേശികമോ ആയ മാറ്റത്തിനുള്ള ഏതൊരു ശ്രമത്തെയും പ്രമേയം നിരാകരിക്കുകയും സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ ഇസ്രയേലും പലസ്തീനും സമാധാനത്തോടെ ജീവിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ വീക്ഷണത്തോടുള്ള കൗൺസിലിൻ്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു. പലസ്തീൻ അതോറിറ്റിയുടെ കീഴിൽ ഗാസ മുനമ്പിനെ വെസ്റ്റ് ബാങ്കുമായി ഏകീകരിക്കേണ്ടതിൻ്റെ പ്രാധാന്യം അത് ഊന്നിപ്പറയുന്നു.
WAM/ അമൃത രാധാകൃഷ്ണൻ