അബുദാബി, 17 ജൂൺ 2024 (WAM) -- 2024ൽ ആഗോളതലത്തിൽ 220 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുമെന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഎ എർത്ത് ആക്ഷൻ്റെ സമീപകാല റിപ്പോർട്ട് കണക്കാക്കുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുന്നു, മണ്ണ്, കാർഷിക വിളകൾ എന്നിവയെ ബാധിക്കുന്നു. ഈ മാലിന്യങ്ങൾ സമുദ്രജീവികൾ ആഗിരണം ചെയ്യുന്നതിലൂടെയോ പ്ലാസ്റ്റിക് അവശിഷ്ടങ്ങളിൽ കുടുങ്ങിപ്പോകുന്നതിലൂടെയോ സമുദ്രജീവിതത്തെ സാരമായി ബാധിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) ഊന്നിപ്പറഞ്ഞു. സമുദ്രജലത്തിലെ പ്ലാസ്റ്റിക്കുകളുടെ വിഘടനം വിഷ രാസവസ്തുക്കൾ ഉണ്ടാക്കുന്നു, ഇത് സമുദ്രവിഭവ മലിനീകരണത്തിലൂടെ മനുഷ്യൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും ഏജൻസി ചൂണ്ടിക്കാട്ടി.
സമുദ്ര-ഭൗമ പരിതസ്ഥിതികളിൽ വിവിധ തരം മാലിന്യങ്ങളായി ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ബാഗുകൾ, കുപ്പികൾ, പാത്രങ്ങൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളിൽ നിന്നാണ് ഏറ്റവും വലിയ വെല്ലുവിളി വരുന്നതെന്ന് ഏജൻസി എടുത്തുപറഞ്ഞു. ഈ പ്ലാസ്റ്റിക്കുകൾ മൈക്രോപ്ലാസ്റ്റിക് (5 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള കഷണങ്ങൾ) എന്നറിയപ്പെടുന്ന ചെറിയ കണങ്ങളായി വിഘടിക്കുന്നു, ഇത് പ്രാഥമികമായി ഭക്ഷണത്തിലൂടെയും ചർമ്മ സമ്പർക്കത്തിലൂടെയോ ശ്വസനത്തിലൂടെയോ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.
പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം സംബന്ധിച്ച്, അവയിൽ പലതും മാറ്റാനാകാത്തതിനാൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പൊതുവായ നിരോധനമില്ലെന്ന് ഏജൻസി സൂചിപ്പിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്കും ചില ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമാണ്.
2020-ൽ, പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പരിസ്ഥിതി ആഘാതം കുറഞ്ഞ പുനരുപയോഗിക്കാവുന്ന ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഒഴിവാക്കാൻ കഴിയുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെയും നോൺ-പ്ലാസ്റ്റിക്സിൻ്റെയും ഉപയോഗം കുറയ്ക്കണമെന്ന് ഏജൻസി ആവശ്യപ്പെട്ടു.
പുനരുപയോഗിക്കാവുന്ന മെറ്റീരിയലുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന ഇനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, മാലിന്യം കുറയ്ക്കുക തുടങ്ങിയ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ബദലുകളിലേക്ക് മാറാൻ അബുദാബി നിവാസികളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് "മിഷൻ ടു സീറോ ഇനീഷ്യേറ്റീവ് ഫോർ സിംഗിൾ യൂസ് പ്ലാസ്റ്റിക്" എന്ന കമ്മ്യൂണിറ്റി കാമ്പയിൻ ആരംഭിച്ചു.
പ്ലാസ്റ്റിക് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു, അത് ഒഴിച്ചുകൂടാനാകാത്ത ഗുണങ്ങളോടെ, മാത്രമല്ല നിരവധി നെഗറ്റീവ് വശങ്ങളും അഭിസംബോധന ചെയ്യേണ്ടതായി പരിസ്ഥിതി വിദഗ്ധനായ ഇമാദ് സാദ് പ്രസ്താവിച്ചു.
ഭൂരിഭാഗം പ്ലാസ്റ്റിക്കുകളുടെയും ജൈവവിഘടനവും പുനരുപയോഗ വെല്ലുവിളികളും കാരണം ഭൂമിയിലെ ഏറ്റവും അപകടകരമായ മലിനീകരണങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം. ഒട്ടകങ്ങൾ, പശുക്കൾ, ആടുകൾ തുടങ്ങിയ നിരവധി കരയിലെ സസ്തനികളുടെയും കന്നുകാലികളുടെയും മരണത്തിന് ഇത് ഒരു പ്രധാന കാരണമാണെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ ഒട്ടകങ്ങളുടെ 50 ശതമാനം മരണത്തിനും കാരണം പ്ലാസ്റ്റിക് ബാഗുകളാണെന്ന കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ