സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎഇ എസ്ഡിജി ദേശീയ സമിതി ശിൽപശാലകൾ സംഘടിപ്പിച്ചു

ദുബായ്, 20 ജൂൺ 2024 (WAM) --സുസ്ഥിര വികസന ലക്ഷ്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിലും ആഗോള അജണ്ട 2030-ലെ പുരോഗതി വിലയിരുത്തുന്നതിലും ദേശീയ ഏജൻസികളുടെ കഴിവുകളും സാങ്കേതിക വൈദഗ്ധ്യവും വർധിപ്പിക്കുന്നതിനായി യുഎഇ ദേശീയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) ദേശീയ സമിതിയും, ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാമുമായി സഹകരിച്ച് നിരവധി യോഗങ്ങളും ശിൽപശാലകളും സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര കസ്റ്റോഡിയൻ ഏജൻസികളുമായി പ്രവർത്തിക്കാനും എസ്ഡിജി സൂചകങ്ങൾ കണക്കാക്കാനും ഡാറ്റ, കണക്കുകൂട്ടൽ രീതികൾ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും എസ്ഡിജികൾക്കുള്ള ദേശീയ സമിതിയുടെ സെക്രട്ടേറിയറ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ശിൽപശാലകളുടെ പരമ്പര.

ഈ ശിൽപശാലകൾ ദേശീയ ഏജൻസികളുടെ കഴിവുകളും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ടിംഗിൽ സാങ്കേതിക വൈദഗ്ധ്യവും വളർത്തിയെടുക്കാനും യുഎഇ എസ്ഡിജി ദേശീയ ഡാറ്റാ പ്ലാനിനെ അടിസ്ഥാനമാക്കി ആഗോള അജണ്ട 2030-ലെ പുരോഗതി വിലയിരുത്താനും ലക്ഷ്യമിടുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ യുഎഇയുടെ പുരോഗതിക്ക് സംഭാവന നൽകാൻ പ്രാപ്തിയുള്ള സർക്കാർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിന് സുസ്ഥിര ബോധവൽക്കരണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ശേഷി വളർത്തുന്നതിനുമുള്ളതാണ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതെന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ദേശീയ കമ്മിറ്റി ചെയർമാൻ അബ്ദുല്ല നാസർ ലൂത്ത സ്ഥിരീകരിച്ചു. എസ്കഡിജികൾ നടപ്പിലാക്കുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയ്‌ക്ക് അനുസൃതമായാണ് ശിൽപശാല വരുന്നതെന്നും എസ്‌ഡിജികൾ കൈവരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിൻ്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നുവെന്നും ഊർജ, അടിസ്ഥാന വികസന മന്ത്രാലയത്തിലെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട്ട് സെക്ടർ റെഗുലേഷൻ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ശൈഖ് നാസർ അൽ ഖാസെമി എടുത്തുപറഞ്ഞു.

ആഗോള മാനദണ്ഡങ്ങളോടും രീതിശാസ്ത്രങ്ങളോടും യോജിക്കാൻ യുഎഇക്ക് അമൂല്യമായ അവസരമാണ് എസ്ഡിജി 11 വർക്ക്ഷോപ്പ് സീരീസ് നൽകുന്നതെന്ന് യുഎൻ-ഹാബിറ്റാറ്റ് കൺട്രി പ്രോഗ്രാം മേധാവി ഡോ. ഫെർണാണ്ട ലോണാർഡോണി പറഞ്ഞു. ഡാറ്റ ഉപയോഗപ്പെടുത്തുന്നതിലൂടെ, ദേശീയ നേതാക്കൾക്ക് നഗര നയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വിടവുകളും കൂടുതൽ ഫലപ്രദമായി തിരിച്ചറിയാനും നഗരങ്ങളിലും കമ്മ്യൂണിറ്റികളിലും എസ്കഡിജികൾ കൈവരിക്കുന്നതിനുള്ള വ്യക്തമായ പാതകൾ വികസിപ്പിക്കാനും കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യുഎൻ-ഹാബിറ്റാറ്റിൽ നിന്നുള്ള പ്രതിനിധികളും അബുദാബി മുനിസിപ്പാലിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ഷാർജ ടൗൺ പ്ലാനിംഗ് ആൻ്റ് സർവേ , അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പ്, ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി, റാസൽ ഖൈമ മുനിസിപ്പാലിറ്റി, ഫുജൈറ മുനിസിപ്പാലിറ്റി, യുഎഇയിലുടനീളമുള്ള സ്റ്റാറ്റിസ്റ്റിക്കൽ, ഗതാഗത വകുപ്പുകൾ എന്നിവയുൾപ്പെടെ എസ്ഡിജികൾ കൈവരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സംഘടനകളുടെ പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ