ദുബായ്, 23 ജൂൺ 2024 (WAM) --ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് (ഐടിഎസ്) ഇംപ്രൂവ്‌മെൻ്റ് ആൻഡ് എക്സ്പാൻഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. എമിറേറ്റിലെ പ്രധാന റോഡുകളുടെ 100% കവർ ചെയ്യാനും കോഓപ്പറേറ്റീവ് ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്(സി-ഐടിഎസ്) പോലുള്ള നൂതന സാങ്കേതികവിദ്യകളും സോഫ്റ്റ്‌വെയറുകളും സ്വീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഐടിഎസിൻ്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാകാനുള്ള ദുബായിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശങ്ങളുമായി ഈ ഘട്ടം യോജിക്കുന്നു.
ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് പദ്ധതിയുടെ രണ്ടാം ഘട്ടം 2026-ഓടെ പ്രധാന റോഡ് ശൃംഖലയുടെ കവറേജ് നിലവിലെ 60 ശതമാനത്തിൽ നിന്ന് 100 ശതമാനമായി വികസിപ്പിക്കുമെന്നും, സിസ്റ്റം ഉൾക്കൊള്ളുന്ന റോഡ് ശൃംഖലയുടെ നീളം 480 കിലോമീറ്ററിൽ നിന്ന് 710 കിലോമീറ്ററായി വ്യാപിക്കുമെന്നും ആർടിഎയിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാൻ, ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.
പദ്ധതി റോഡ് നെറ്റ്‌വർക്ക് മാനേജ്‌മെൻ്റ്, ട്രാഫിക് ഫ്ലോ എന്നിവ മെച്ചപ്പെടുത്തും, മെച്ചപ്പെട്ട നിരീക്ഷണത്തിലൂടെ, സംഭവങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണ സമയം, പുതിയ വേരിയബിൾ മെസേജ് സൈനുകൾ (വിഎംഎസ്) വഴി പൊതുജനങ്ങൾക്ക് റോഡിൻ്റെ അവസ്ഥയെക്കുറിച്ച് സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കും. ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകളും സ്വയം-ഡ്രൈവിംഗ് ഗതാഗത പരിഹാരങ്ങളും സംയോജിപ്പിച്ച് വ്യക്തിഗത ചലനാത്മകത വർദ്ധിപ്പിക്കുകയും ചെയ്യും.
"പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ 116 ട്രാഫിക് നിരീക്ഷണ ക്യാമറകൾ, 100 സംഭവ നിരീക്ഷണ, വാഹന എണ്ണൽ ഉപകരണങ്ങൾ സ്ഥാപിക്കൽ, 112 വേരിയബിൾ മെസേജ് സൈനുകൾ (വിഎംഎസ്), 115 യാത്രാ സമയവും വേഗതയും അളക്കുന്നതിനുള്ള ഉപകരണങ്ങൾ,660 കിലോമീറ്റർ വൈദ്യുത ലൈനുകളും ഫൈബർ ഒപ്റ്റിക് ശൃംഖലയും, 17 കാലാവസ്ഥ സെൻസർ സ്റ്റേഷനുകൾ, നിർമ്മാണം എന്നിവ ഉൾപ്പെടുന്നു," പദ്ധതിയുടെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ട് അൽ ടയർ പറഞ്ഞു.
ആഗോളതലത്തിൽ തന്നെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അൽ ബർഷയിലെ ദുബായ് ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് സെൻ്റർ വഴിയാണ് ആർടിഎ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്.
കേന്ദ്രം ദുബായുടെ നിലവിലുള്ളതും ഭാവിയിലെതുമായ റോഡ് ശൃംഖലകളുടെ മേൽനോട്ടം വഹിക്കുകയും ട്രാഫിക് ലൈറ്റ് നിയന്ത്രണ സംവിധാനവുമായി 100 ശതമാനം കണക്ഷൻ നിലനിർത്തുകയും ചെയ്യുന്നു. തീരുമാനങ്ങൾ എടുക്കുന്നതിനെ പിന്തുണയ്‌ക്കുന്നതിനായി എഐ സാങ്കേതികവിദ്യകളും വലിയ ഡാറ്റാ വിശകലന ഉപകരണങ്ങളും മെച്ചപ്പെടുത്തിയ 'ഐട്രാഫിക്' എന്ന് വിളിക്കുന്ന വിപുലമായ ട്രാഫിക് നിയന്ത്രണ സംവിധാനവും ഇത് അവതരിപ്പിക്കുന്നു.
ഗതാഗതത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, അപകടങ്ങളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യുക, പ്രവർത്തന സംവിധാനങ്ങൾ നിരീക്ഷിക്കുക, തകരാറുകൾ റിപ്പോർട്ട് ചെയ്യുക എന്നിവയാണ് കേന്ദ്രത്തിൻ്റെ ചുമതലകൾ.
WAM/അമൃത രാധാകൃഷ്ണൻ