അബുദാബി, 23 ജൂൺ 2024 (WAM) --ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ സുബ്രഹ്മണ്യം ജയശങ്കറിനെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. അബുദാബിയിൽ നടന്ന ഒരു വർക്കിംഗ് ഡിന്നറിൽ യുഎഇ ഉന്നത നയതന്ത്രജ്ഞൻ ഡോ. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി അവർ അവലോകനം ചെയ്തു.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, കാലാവസ്ഥ വ്യതിയാനം തുടങ്ങി എല്ലാ മേഖലകളിലും സംയുക്ത സഹകരണം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങൾ ശൈഖ് അബ്ദുള്ളയും ഡോ. ജയ്ശങ്കറും പര്യവേക്ഷണം ചെയ്തു.
സമഗ്രമായ വികസനവും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ട് യുഎഇയും ഇന്ത്യയും ശക്തവും തന്ത്രപരവുമായ പങ്കാളിത്തം പങ്കിടുന്നുവെന്ന് ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. 2022 മെയ് മാസത്തിൽ ആരംഭിച്ച യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) സാമ്പത്തിക, വ്യാപാര സഹകരണം ഗണ്യമായി ഉയർത്തി, ഇരു രാജ്യങ്ങളുടെയും ദേശീയ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സംഘടനകൾക്കുള്ളിലെ സഹകരണത്തെക്കുറിച്ചും മിഡിൽ ഈസ്റ്റ് സാഹചര്യം ഉൾപ്പെടെയുള്ള നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ