മോസ്കോ, 30 ജൂൺ 2024 (WAM) --സംയുക്ത ഭക്ഷ്യസുരക്ഷാ സംരംഭങ്ങളിലും അംഗരാജ്യങ്ങൾക്കിടയിൽ ഭക്ഷ്യവ്യാപാരം വിപുലീകരിക്കുന്നതിലും ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സുസ്ഥിര സംവിധാനങ്ങളുടെ പ്രോത്സാഹനത്തിലും അവർ സഹകരണം ഊന്നിപ്പറഞ്ഞു. റഷ്യയിലെ മോസ്‌കോയിൽ ചേർന്ന ബ്രിക്‌സ് കൃഷി മന്ത്രിമാരുടെ 14-ാമത് യോഗത്തിനും 10-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിനും പങ്കെടുക്കവെയായിരുന്നു പ്രഖ്യാപനം.
ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും എല്ലാ അംഗരാജ്യങ്ങളിലുടനീളവും സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുമായി ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ ഒരു ബഹുരാഷ്ട്ര ചട്ടക്കൂട് വികസിപ്പിക്കാനുള്ള യുഎഇയുടെ ആഗ്രഹം 14-ാമത് യോഗത്തിൽ ഡോ. അൽ ദഹക്ക് പ്രസ്താവിച്ചു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്നതും ആഗോള വെല്ലുവിളികളാണെന്നും ആഭ്യന്തരമായും അന്തർദേശീയമായും സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങൾ വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അവർ സമ്മതിച്ചു.
പരസ്‌പര വ്യാപാര വികസനത്തിൻ്റെ ഒരു ഘടകമായി ബ്രിക്‌സ് ഗ്രെയിൻ എക്‌സ്‌ചേഞ്ച് സ്ഥാപിക്കൽ സെഷനിൽ, ബ്രിക്‌സ് രാജ്യങ്ങളിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, പോഷകാഹാരം, സുസ്ഥിര കൃഷി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വ്യാപാരത്തിൻ്റെ പ്രാധാന്യം ഡോ. അൽ ദഹക്ക് ആവർത്തിച്ചു. ബ്രിക്‌സ് ഗ്രെയിൻ എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു, ഏറ്റവും നിർണായകമായ തന്ത്രപ്രധാനമായ ഭക്ഷ്യ ചരക്കുകളിലൊന്നായ ധാന്യങ്ങളുടെ വ്യാപാരത്തിൽ പങ്കിട്ട ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ ചർച്ചകൾക്ക് ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും, അവർ കൂട്ടിച്ചേർത്തു.
സാമ്പത്തികം, ഊർജം, ഭക്ഷ്യസുരക്ഷ തുടങ്ങി വിദ്യാഭ്യാസം, ആരോഗ്യം, ദൈനംദിനം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനം മാനവരാശി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണെന്ന് 10-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ മുഹമ്മദ് സഈദ് അൽ നുഐമി ആവർത്തിച്ചു. 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള യുഎഇയുടെ ദേശീയ ശ്രമങ്ങളും ആഗോള കാലാവസ്ഥാ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഗ്രഹത്തെ സംരക്ഷിക്കുന്നതിനുമുള്ള അതിൻ്റെ സംരംഭങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി.
ബ്രിക്‌സ് കാർഷിക സഹകരണ വർക്കിംഗ് ഗ്രൂപ്പിൻ്റെ രണ്ടാം യോഗത്തിൽ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ ജൈവവൈവിധ്യ-മറൈൻ ലൈഫ് സെക്ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മദിയുടെ നേതൃത്വത്തിലുള്ള മന്ത്രാലയത്തിലെ ഒരു സംഘം, കാർഷിക മേഖലയിലെ ബ്രിക്‌സ് മുൻഗണനകൾ ചർച്ച ചെയ്തു. അംഗരാജ്യങ്ങൾക്കിടയിൽ കാർഷിക സഹകരണവും ഭക്ഷ്യസുരക്ഷയും വർധിപ്പിക്കുന്നതിനുള്ള അന്തിമ പ്രസ്താവനയും തയ്യാറാക്കി.