എസ്സിഐയുടെ ആഫ്രിക്കയിലെ അറബി ഭാഷാ പഠനത്തിനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കാൻ അൽ ഖാസിമിയ സർവകലാശാല

ദുബായ്, 2 ജൂലൈ 2024 (WAM) -- ദേശീയ കേഡർമാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനായുള്ള അനുഭവങ്ങൾ കൈമാറുന്നതിനും ആഫ്രിക്കയിൽ അറബിക്, വിശുദ്ധ ഖുർആൻ സയൻസുകൾ പഠിപ്പിക്കുന്നതിനുള്ള ചാരിറ്റബിൾ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുമുള്ള ധാരണാപത്രത്തിൽ അൽ ഖാസിമിയ സർവകലാശാലയും ഷാർജ ചാരിറ്റി ഇൻ്റർനാഷണലും(എസ്സിഐ) ഒപ്പുവച്ചു. സർവകലാശാലയുടെ ഷാർജ ആസ്ഥാനത്ത് എസ്സിഐ ചെയർമാൻ ശൈഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമിയും അൽ ഖാസിമിയ യൂണിവേഴ്‌സിറ്റി പ്രസിഡൻ്റ് പ്രൊഫസർ ജമാൽ അൽ താരിഫിയും ചേർന്നാണ് കരാർ ഒപ്പിട്ടത്.

അറബി ഭാഷയും വിശുദ്ധ ഖുർആനും പ്രോത്സാഹിപ്പിക്കുന്നതിനായി പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കാനും കരാർ സഹായകരമാവുമെന്ന് അൽ ഖാസിമി അഭിപ്രായപ്പെട്ടു. ഘാനയിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ആദ്യ സംയുക്ത പദ്ധതി പൂർത്തിയായതായും, ഈ കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ സർവകലാശാല നൽകുമെന്നും, അദ്ദേഹം സ്ഥിരീകരിച്ചു.

പരിശീലനത്തിലും ശാസ്ത്ര ഗവേഷണത്തിലും പ്രൊഫഷണൽ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര കോൺഫറൻസുകൾ സംഘടിപ്പിക്കുക, ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളിലെ മികച്ച സമ്പ്രദായങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് ധാരണാപത്രത്തിൻ്റെ ലക്ഷ്യമെന്ന് അൽ താരിഫി വ്യക്തമാക്കി.

കൂടാതെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 123-ലധികം ദേശീയതകളെ പ്രതിനിധീകരിക്കുന്ന അൽ ഖാസിമിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിൽ ചാരിറ്റബിൾ, സന്നദ്ധ പ്രവർത്തനങ്ങളുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു.