നൂതന സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ഷാർജ എയർപോർട്ട് അതോറിറ്റി ഒപ്പുവച്ചു

ഷാർജ, 9 ജൂലൈ 2024 (WAM) --വിമാനത്താവളത്തിൻ്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്വതന്ത്ര സുരക്ഷാ സ്ക്രീനിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്തിന് ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) ന്യൂക്ടെക് മിഡിൽ ഈസ്റ്റുമായി കരാർ ഒപ്പുവെച്ചു. വിമാനത്താവളത്തിൻ്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് എസ്എഎ ചെയർമാൻ അലി സലിം അൽ മിദ്ഫയും കമ്പനി ജനറൽ മാനേജർ മെങ് ക്വിയാങ്ങും ഒപ്പുവച്ച കരാർ.

67 എക്സ്-റേ സുരക്ഷാ പരിശോധനാ ഉപകരണങ്ങളുടെ വിതരണം, നിരോധിത വസ്തുക്കൾ കണ്ടെത്തൽ, യാത്രക്കാർ, ബാഗേജ്, ചരക്ക്, മാലിന്യം എന്നിവ പരിശോധിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങൾക്കും ഒരു സംയോജിത സംവിധാനം നൽകൽ, ജീവനക്കാരുടെ സ്ക്രീനിംഗ്, അവരുടെ സാധനങ്ങൾ പരിശോധിക്കൽ എന്നിവ കരാറിൽ ഉൾപ്പെടുന്നു. എസ്എഎ ഡയറക്ടർ ശൈഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

ഷാർജ എയർപോർട്ട് അതോറിറ്റി 2027 ഓടെ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 25 ദശലക്ഷം ഉയർത്താൻ ലക്ഷ്യമിടുന്നതായി അൽ മിദ്ഫ പറഞ്ഞു. ഇതിന്റെ ഭാഗമായി സംയോജിത സുരക്ഷാ സ്ക്രീനിംഗ് സംവിധാനത്തിൻ്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏഴാമത്തെ പാക്കേജ് ഉൾപ്പെടെ വിവിധ പാക്കേജുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കരാർ അനുസരിച്ച് എയർപോർട്ട് സുരക്ഷാ നടപടിക്രമങ്ങളിൽ നിർണായകമായ സെക്യൂരിറ്റി എക്സ്-റേ മെഷീനുകൾ ഉൾപ്പെടെ ഏഴാമത്തെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി വിപുലമായ സ്ക്രീനിംഗ് ഉപകരണങ്ങൾ ന്യൂക്ടെക് വിമാനത്താവളത്തിന് നൽകും.