അജ്മാൻ, 9 ജൂലൈ 2024 (WAM) --രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും യുഎഇയിലെ മാധ്യമങ്ങൾക്ക് സംഭാവന നൽകാൻ കഴിയുമെന്ന് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നതായി നാഷണൽ മീഡിയ ഓഫീസിൻ്റെയും യുഎഇ മീഡിയ കൗൺസിലിൻ്റെയും ചെയർമാനായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് അഭിപ്രായപ്പെട്ടു. അജ്മാനിൽ നടന്ന കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് അദ്ദേഹം ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
യോഗത്തിൽ മാധ്യമ മേഖലയിലെ നിയമനിർമ്മാണത്തിൻ്റെയും നിയന്ത്രണത്തിൻ്റെയും നേട്ടങ്ങൾ അദ്ദേഹം അടിവരയിട്ടു. ഇത് മേഖയിലെ വിപുലീകരണം നിയന്ത്രിക്കാനും പ്രോത്സാഹിപ്പിക്കാനും മത്സരാധിഷ്ഠിത മാധ്യമ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇ സമൂഹം കെട്ടിപ്പടുക്കുന്നതിലും, എല്ലാ മേഖലകളിലും രാജ്യം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം, ശോഭനമായ ഭാവിയിലേക്കുള്ള പ്രയാണത്തിൽ അതിനെ സഹായിക്കുന്നതിലും മാധ്യമങ്ങളുടെ പ്രാധാന്യം ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
ആഗോള മാധ്യമ രംഗത്തിനൊപ്പം സഞ്ചരിക്കുന്നതിന് രൂപത്തിലും ഉള്ളടക്കത്തിലും വ്യതിരിക്തമായ മാധ്യമങ്ങളുടെ ആവശ്യകതയും, മാധ്യമ സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ ചെയർമാൻ, മീഡിയ കൗൺസിലും എമിറാത്തി ടാലൻ്റ് കോമ്പറ്റിറ്റീവ് കൗൺസിലും (ഇടിസിസി) ആരംഭിച്ച 'മീഡിയ അപ്രൻ്റീസ്ഷിപ്പ്' പ്രോഗ്രാമിനെ അഭിനന്ദിക്കുകയും ചെയ്തു.
യുഎഇയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മാധ്യമങ്ങളിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിലും പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കുള്ള നിയമങ്ങളും തത്വങ്ങളും നിർവചിക്കാൻ ലക്ഷ്യമിടുന്ന ബഹുഭാഷാ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾക്കായുള്ള നിയന്ത്രണ ചട്ടക്കൂടിനെക്കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു. പരമ്പരാഗതവും ഡിജിറ്റലും ആയ സ്ഥാപനങ്ങളും വ്യക്തികളും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന് ഈ മാനദണ്ഡങ്ങൾ ബാധകമാണെന്നും, മൂല്യങ്ങൾ സംരക്ഷിക്കാനും സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ, നുഴഞ്ഞുകയറ്റ സ്വഭാവങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇത് ലക്ഷ്യമിടുന്നതായും യോഗം അടിവരയിട്ടു. സാമൂഹികവും സാംസ്കാരികവുമായ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കുക, അവബോധവും ഉത്തരവാദിത്തമുള്ള ഒരു തലമുറയുടെ വികസനത്തിന് സംഭാവന നൽകുക എന്നതാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.
ക്രിയാത്മകമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രൊഫഷണലും വിശ്വസനീയവും സത്യസന്ധവുമായ വിവരങ്ങൾ നൽകുന്നതിൽ മാധ്യമങ്ങളുടെ പങ്ക് മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കൗൺസിൽ നടപ്പിലാക്കുന്നു. മാധ്യമ നിയന്ത്രണ നിയമവും അതിൻ്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും നടപ്പിലാക്കുന്നതിനെ കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു. യുഎഇയുടെ ആഗോള മാധ്യമ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള യുവ എമിറാത്തി പ്രതിഭകൾ, പ്രാദേശിക ഉള്ളടക്ക നിർമ്മാണം, പരിശീലന പരിപാടികൾ എന്നിവ ലക്ഷ്യമിടുന്ന സംരംഭങ്ങൾ യോഗം വിലയിരുത്തി. ബഹ്‌റൈനിൽ 17 അവാർഡുകൾ നേടിയ ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിലും 4 അവാർഡുകൾ നേടിയ അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിലും യുഎഇയുടെ പങ്കാളിത്തവും കൗൺസിൽ അവലോകനം ചെയ്തു.