മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പയിനുമായി ദുബായ് പോലീസ്

ദുബായ്, 12 ജൂലൈ 2024 (WAM) --'എൻ്റെ കുടുംബം... എൻ്റെ യഥാർത്ഥ സമ്പത്ത്' എന്ന തലക്കെട്ടിൽ, മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ദുബായ് പോലീസ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടി സമാപിച്ചു. മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ആൻ്റി നാർക്കോട്ടിക്സ് പരിപാടി സംഘടിപ്പിച്ചത്.

കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റി, ദുബായ് കസ്റ്റംസ്, എറാഡ സെൻ്റർ ഫോർ ട്രീറ്റ്‌മെൻ്റ് ആൻഡ് റീഹാബിലിറ്റേഷൻ, ഹെൽത്ത് അതോറിറ്റി, അൽ അമീൻ സർവീസ്, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, നാഷണൽ റീഹാബിലിറ്റേഷൻ സെൻ്റർ എന്നിവയുൾപ്പെടെ ദുബായ് പോലീസിൻ്റെ തന്ത്രപ്രധാന പങ്കാളികളുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിൽ ബോധവൽക്കരണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും പ്രാധാന്യം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ്, മേജർ ജനറൽ എക്‌സ്‌പെർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരി ഊന്നിപ്പറഞ്ഞു. ഹേമയ ഇൻ്റർനാഷണൽ സെൻ്റർ പ്രതിനിധീകരിക്കുന്ന വകുപ്പ്, സമഗ്രമായ പ്രതിരോധ, ബോധവൽക്കരണ പരിപാടികൾ നൽകുന്നതിന് വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സ്ഥാപനങ്ങളുമായി അടുത്ത് സഹകരിക്കുമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി ദുബായ് പോലീസും തന്ത്രപ്രധാന പങ്കാളികളും പ്രതിരോധം, അവബോധം, ചികിത്സാ പരിപാടികൾ, കമ്മ്യൂണിറ്റി സപ്പോർട്ട് സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റി, ദുബായ് കസ്റ്റംസ്, എറാഡ ട്രീറ്റ്‌മെൻ്റ് ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ, ഹെൽത്ത് അതോറിറ്റി, അൽ അമീൻ സർവീസ്, എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് കോർപ്പറേഷൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് എന്നിവയെല്ലാം പരിപാടിക്ക് സംഭാവന നൽകി. പരിപാടിയുടെ ഭാഗമായി പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും കൗൺസിൽ ഓഫ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും ആർട്ട് വർക്ക് ഷോപ്പുകൾ, ആംഗ്യഭാഷാ പ്രഭാഷണങ്ങൾ തുടങ്ങിയ സൈഡ് ഇവൻ്റുകൾ സംഘടിപ്പിച്ചു.

പരിപാടി വിജയകരമാക്കിയത്തിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ എക്‌സ്‌പെർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരി, പങ്കാളികളെ പ്രശംസിച്ചു.