ന്യൂയോർക്ക്, 12 ജൂലൈ 2024 (WAM) --യുഎഇയും ബർമുഡയും സുസ്ഥിര വികസനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ ഗവൺമെൻ്റ് മോഡലുകളുടെ വികസനത്തിലും നവീകരണത്തിലും അനുഭവങ്ങളുടെ കൈമാറ്റം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക വികസനം നയിക്കാൻ ഇരു രാജ്യങ്ങളെയും സഹായിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങളും നയങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു ചട്ടക്കൂട് ധാരണാപത്രം സൃഷ്ടിക്കും. സാങ്കേതികവിദ്യയും നേതൃത്വവും പോലുള്ള മേഖലകളിൽ നിർണായക വൈദഗ്ധ്യം നേടുന്നതിന് പൊതുമേഖലാ ജീവനക്കാരെ സഹായിക്കുന്നതിന് മനുഷ്യശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ സർക്കാരുകൾ പങ്കിടും. യുഎഇ കാബിനറ്റ് അഫയേഴ്‌സ് ഫോർ കോമ്പറ്റീറ്റീവ്‌നെസ് ആൻഡ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് അസിസ്റ്റൻ്റ് മന്ത്രി അബ്ദുള്ള നാസർ ലൂത്തയും, ബർമുഡയുടെ സാമ്പത്തിക, തൊഴിൽ മന്ത്രി ജേസൺ ഹെവാർഡുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
" മെച്ചപ്പെട്ട നയങ്ങൾ, മികച്ച സേവനങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന പൊതുമേഖലയിൽ മനുഷ്യശേഷി വികസിപ്പിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇ സർക്കാർ ഒരു മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മാതൃക അറബ് കോഡേഴ്സ് സംരംഭത്തിനും നിരവധി നേതൃത്വ പരിപാടികൾക്കും കാരണമായി. ഭാവി-സജ്ജതയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (എസ്‌ഡിജി) പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ബെർമുഡ പോലുള്ള രാജ്യങ്ങളുമായി തങ്ങളുടെ അനുഭവങ്ങൾ പങ്കിടാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്," കരാറിൽ ഒപ്പിടുന്ന വേളയിൽ ലൂത്ത പറഞ്ഞു
"ഗവൺമെൻ്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലെ ബർമുഡയുടെ പങ്കാളിത്തം, ബർമുഡയും യുഎഇയും തമ്മിലുള്ള ദൃഢവും ആഴമേറിയതുമായ സൗഹൃദത്തെ എടുത്തുകാണിക്കുന്നു,” ബർമുഡ സാമ്പത്തിക, തൊഴിൽ മന്ത്രി ജെയ്‌സൺ ഹേവാർഡ് പറഞ്ഞു.
യുഎൻ എക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ന്യൂയോർക്കിലെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള യുഎൻ എച്ച്എൽപിഎഫ് ജൂലൈ 17 വരെ തുടരും.
ഫോറത്തിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘം സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയിലെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനായി രാജ്യങ്ങൾ, സർക്കാരുകൾ, യുഎൻ പ്രോഗ്രാമുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുമായി നിരവധി ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നു.കൂടാതെ, ദാരിദ്ര്യ നിർമാർജനം, ഊർജ ലഭ്യത, കാലാവസ്ഥാ പ്രവർത്തനം എന്നിവയിൽ തന്ത്രപരമായ പങ്കാളിത്തം രൂപപ്പെടുത്തുകയും ചെയ്യുന്നു.