അബുദാബി, 16 ജൂലൈ 2024 (WAM) --സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ബുർജീൽ ഹോൾഡിംഗ്സ് 24/7 ബുർജീൽ എയർപോർട്ട് ക്ലിനിക് തുറന്നു. തൊഴിൽപരവും പ്രതിരോധപരവുമായ പരിചരണം, ആരോഗ്യ പരിശോധനകൾ, ഇസിജി സേവനങ്ങൾ, ഇൻഫ്യൂഷനുകൾ, കുത്തിവയ്പ്പുകൾ, സ്ത്രീകൾക്ക് കൺസൾട്ടേഷനുകൾ എന്നിവ ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു.
ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി എയർപോർട്ടിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി, ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.
ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും ക്ഷേമവും തങ്ങളുടെ മുൻഗണനയായി തുടരുന്നുവെന്ന് സോർലിനി പറഞ്ഞു. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാവർക്കും വിദഗ്ധ വൈദ്യസഹായം നൽകുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്, അവർ കൂട്ടിച്ചേർത്തു.
യാത്രക്കാർക്കും ജീവനക്കാർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് വിമാനത്താവളത്തിൽ മികച്ച മെഡിക്കൽ സേവനങ്ങൾ നൽകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ സുനിൽ പറഞ്ഞു.
വാക്‌സിനേഷൻ സഹായം, എയർപോർട്ടിൽ നിന്ന് പുറത്തുപോകാതെ തന്നെ ഉടനടി ആരോഗ്യപരിരക്ഷ ലഭ്യമാക്കൽ, യാത്രക്കാർക്ക് അവരുടെ സ്റ്റോപ്പ് ഓവർ സമയത്ത് വന്നേക്കാവുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാക്കും.
യുഎഇയുടെ ലോകോത്തര ചികിത്സാ ഓപ്ഷനുകൾ ഉയർത്തിക്കാട്ടുകയും അബുദാബിയുടെ മെഡിക്കൽ ടൂറിസം അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് ബുർജീലിന്റെ ഈ എയർപോർട്ട് ക്ലിനിക്ക്.