റാസൽ ഖൈമ, 16 ജൂലൈ 2024 (WAM) --സ്‌മാർട്ട് ട്രാഫിക് സംവിധാനങ്ങൾക്ക് വാഹന കാര്യക്ഷമതയും, സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിമെന്ന് ഗവേഷകർ കണ്ടെത്തി. ഇത്തരം നൂതന സംവിധാനങ്ങൾക്ക് യാത്രാ സമയം 25%, ഊർജ്ജ ഉപഭോഗം, ഹരിതഗൃഹ വാതക ഉദ്‌വമനം 15-20%, മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ അപകട നിരക്ക് 20% എന്നിങ്ങനെ കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷണ റിപ്പോർട്ട്.
അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽ ഖൈമ (AURAK) മൂന്ന് മിഡിൽ ഈസ്റ്റേൺ സർവ്വകലാശാലകളിലെ ഗവേഷകരുമായി സഹകരിച്ച് വെഹിക്കുലാർ അഡ്-ഹോക്ക് നെറ്റ്‌വർക്കുകളെ (VANETs) കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
നൂതന സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്‌സ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനത്തിൽ നിന്ന് വാഹനത്തിലേക്കും വാഹനത്തിൽ നിന്നും ഇൻഫ്രാസ്ട്രക്ചറിലേക്കും തത്സമയം ആശയവിനിമയം നടത്താൻ സഹായിക്കുന്ന സംവിധാനമാണ് വാനെറ്റുകൾ.
ലോകമെമ്പാടുമുള്ള നഗരങ്ങളിൽ സുരക്ഷിതവും സുഗമവും സുസ്ഥിരവുമായ ഗതാഗത ചലനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന 5G, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (IoT) എന്നിവയാൽ പ്രവർത്തിക്കുന്ന ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റങ്ങളിലാണ് (ഐടിഎസ്) പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സുസ്ഥിര സ്മാർട്ട് സിറ്റികളാകാനുള്ള കാഴ്ചപ്പാടിൻ്റെ ഭാഗമായി നിരവധി നഗരങ്ങൾ ഐടിഎസിലും പരിസ്ഥിതി സൗഹൃദ ഗതാഗത സാങ്കേതികതയിലും നിക്ഷേപം ആരംഭിച്ചിട്ടുണ്ടെന്നും ഈ പഠനം വ്യക്തമാക്കുന്നു.