രാജ്യത്തെ സ്വയം നിയന്ത്രിത ട്രക്കിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി ദുബായ് സൗത്ത്

ദുബായ്, 17 ജൂലൈ 2024 (WAM) -- യുഎഇയിലെ ഏറ്റവും വലിയ സിംഗിൾ-അർബൻ മാസ്റ്റർ ഡെവലപ്‌മെൻ്റായ ദുബായ് സൗത്ത്, ഇവോകാർഗോയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ സ്വയംഭരണ വാഹന പരീക്ഷണത്തിൻ്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.

ദുബായ് സൗത്ത് ലോജിസ്റ്റിക്‌സ് ഡിസ്ട്രിക്റ്റിലെ അടച്ചിട്ട ഒരു റൂട്ടിലാണ് ട്രയലുകൾ നടന്നത്. പരീക്ഷണ ഓട്ടത്തിൽ, ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലെ ഭാവി സേവനത്തിനായി ഇവോകാർഗോ എൻ1 എന്ന ആളില്ലാ ഇലക്ട്രിക് ട്രക്കിൻ്റെ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, വിശ്വാസ്യത എന്നിവ പരിശോധിച്ചു.

ഓട്ടോണമസ് നാവിഗേഷൻ, സുരക്ഷ, മറ്റ് വാഹനങ്ങൾ, ട്രക്കുകൾ, കാൽനടയാത്രക്കാർ തുടങ്ങിയ മറ്റ് പങ്കാളികളുമായുള്ള ആശയവിനിമയം ഉൾപ്പെടുന്ന സമ്മിശ്ര ട്രാഫിക് സാഹചര്യങ്ങളിലാണ് പരിശോധനകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

വാഹനത്തിന്റെ പാർക്കിംഗ്, റിവേഴ്‌സ് പാർക്കിംഗ്, ടേണിംഗ്, റിവേഴ്‌സ് ടേണിംഗ് തുടങ്ങി വിവിധ നീക്കങ്ങളും ഈ സംവിധാനം പരീക്ഷിച്ചു. കൺട്രോൾ സെൻ്ററിൻ്റെ പ്രവർത്തനക്ഷമതയും പരിശോധിച്ചു. പരിശോധനയ്ക്കിടെ പരാജയങ്ങളോ അപകടകരമായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യ ഘട്ട പരീക്ഷണത്തിൽ വാഹനം സമ്മിശ്ര ട്രാഫിക്കിനോട് പ്രതികരിക്കാനും ഉയർന്ന മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ പാലിക്കാനുമുള്ള കഴിവ് തെളിയിച്ചതായി അധികൃതർ അറിയിച്ചു.

ഓട്ടോമൊബൈൽ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിലും സ്വയംഭരണ വാഹനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നതിനാൽ, ദുബായ് സൗത്തും ഇവോകാർഗോയും തമ്മിലുള്ള ഈ പങ്കാളിത്തം ലോജിസ്റ്റിക്സ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

ആഗോള ലോജിസ്റ്റിക് പവർഹൗസായി മാറാനുള്ള യുഎഇയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടി ഇവോകാർഗോയുമായുള്ള സഹകരണം വ്യവസായത്തിൽ മേഖലയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഭാവിയിലെ മുന്നേറ്റങ്ങൾക്ക് കളമൊരുക്കുകയും ചെയ്യുമെന്ന്, ദുബായ് സൗത്തിൻ്റെ സിഇഒ മൊഹ്‌സെൻ അഹ്മദ് അഭിപ്രായപ്പെട്ടു.

നൂതന സാങ്കേതികവിദ്യയിൽ ലോകനേതൃത്വത്തിൻ്റെ പാതയിലുള്ള ജിസിസി രാജ്യങ്ങളിലെ പുതിയ ഉപഭോക്താക്കളെയും നിക്ഷേപങ്ങളെയും ആകർഷിക്കുക എന്നതാണ് പരീക്ഷണങ്ങളുടെ ലക്ഷ്യമെന്ന് എവോകാർഗോ ഓട്ടോണമസ് ലോജിസ്റ്റിക് സർവീസസ് സിഇഒ അഹമ്മദ് അൽ-അൻസി,പറഞ്ഞു. ഇലക്ട്രിക് ആളില്ലാ വാഹനങ്ങളെ അടിസ്ഥാനമാക്കി ചരക്ക് ഗതാഗതത്തിൽ അത്യാധുനിക സേവനങ്ങളുടെ ആദ്യ വാണിജ്യ വിതരണക്കാരിൽ ഒരാളെന്ന നിലയിൽ കമ്പനിയുടെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നതായി, അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് സൗത്തും ഇവോകാർഗോയും 2022 ഡിസംബറിൽ യുഎഇയുടെ ആദ്യത്തെ സ്വയംഭരണ ഇലക്ട്രിക് വാഹന പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.