അബുദാബി, 18 ജൂലൈ 2024 (WAM) --ആഗോള ആരോഗ്യ പരിരക്ഷാ വിടവുകൾ പരിഹരിക്കുന്നതിനായി 10 ആശുപത്രികൾ നിർമ്മിക്കുന്നതിനായി സായിദ് ഹ്യൂമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവിൽ 150 മില്യൺ ഡോളർ നിക്ഷേപം യുഎഇ പ്രഖ്യാപിച്ചു. ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടി, താഴ്ന്ന സമൂഹങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സെൻട്രൽ ജാവയിലെ സുരക്കാർത്തയിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന യുഎഇ-ഇന്തോനേഷ്യ ഹൃദയ രോഗങ്ങൾക്കുള്ള ആശുപത്രിയാണ് ആദ്യം ഉദ്ഘാടനം ചെയ്യുന്നത്. 2024-ൻ്റെ അവസാന പാദത്തിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു. ആഗോള ആരോഗ്യ ഇക്വിറ്റിക്കും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു, കൂടാതെ സഹായം എത്തിക്കുന്നതിനും അസമത്വം പരിഹരിക്കുന്നതിനും സുസ്ഥിര വികസന പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കും.
യുഎഇ-ഇന്തോനേഷ്യ ഹൃദയ രോഗങ്ങൾക്കുള്ള ആശുപത്രി ആഗോള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭമാണ്. പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മാർഗനിർദേശപ്രകാരം, ഈ സംരംഭം അർത്ഥവത്തായ മാറ്റത്തിന് കാരണമാകുകയും ലോകമെമ്പാടുമുള്ള താഴ്ന്ന സമൂഹങ്ങളെ സഹായിക്കുകയും ചെയ്യും.
ഈ സംരംഭത്തിലൂടെ സ്ഥാപിതമായ ആശുപത്രികൾ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ആരോഗ്യ പ്രവേശന വിടവുകൾ ഫലപ്രദമായി നികത്തുകയും ചെയ്യുമെന്ന് സഹമന്ത്രിയും ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാൻട്രോപിക് കൗൺസിലിലെ ഇൻ്റർനാഷണൽ ഹെൽത്ത് അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പറഞ്ഞു.
ഇന്തോനേഷ്യയിലെ നിരവധി മരണങ്ങൾക്കും, വൈകല്യത്തിനും പ്രധാന കാരണമായ ഹൃദ്രോഗങ്ങളുടെ ഭാരം ലഘൂകരിക്കാനും ആരോഗ്യ സംരക്ഷണ ലഭ്യത മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ദേശീയ ഇൻഷുറൻസ് പ്രോഗ്രാമുകൾ ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നുണ്ടെങ്കിലും, വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യസംരക്ഷണ സംവിധാനം പാടുപെടുകയാണ്. ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ആക്സസ് മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള രോഗഭാരം ലഘൂകരിക്കാനും സംരംഭം ലക്ഷ്യമിടുന്നു.
അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പ്രചോദനാത്മകമായ കാഴ്ചപ്പാടും ഉദാരതയും തുടരുന്ന യുഎഇ സ്ഥാപിതമായതുമുതൽ 87 ബില്യൺ ഡോളറിലധികം വിദേശ സഹായം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോള മനുഷ്യസ്‌നേഹത്തോടുള്ള ഈ പ്രതിബദ്ധത രാജ്യത്തിൻ്റെ ചരിത്രത്തിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്, ഇത് അന്താരാഷ്ട്ര സഹകരണവും ഐക്യദാർഢ്യവും വളർത്തുന്നതിനുള്ള അതിൻ്റെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു.