കാർബൺ പുറന്തള്ളൽ കുറവുള്ള 636 പുതിയ ബസുകൾ നിരത്തിലിറക്കാൻ ആർടിഎ

ദുബായ്, 21 ജൂലൈ 2024 (WAM) --ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 40 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 636 ബസുകൾക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകി. പൊതുഗതാഗതം മെച്ചപ്പെടുത്തുക, ദുബായിയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുക, ദുബായ് അർബൻ പ്ലാൻ 2040 ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. യൂറോപ്യൻ ലോ കാർബൺ എമിഷൻ സ്പെസിഫിക്കേഷനുകൾ പാലിക്കുന്ന ബസുകളുടെ വിതരണം ഈ വർഷവും, അടുത്ത വർഷവുമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.

സോങ്‌ടോങ്ങിൽ നിന്നുള്ള 40 ഇലക്ട്രിക് ബസുകൾ, 450 സിറ്റി സർവീസ് ബസുകൾ, വോൾവോയിൽ നിന്നുള്ള 76 ഡബിൾ ഡെക്കർ ബസുകൾ, ഇസുസു അനഡോലുവിൽ നിന്നുള്ള 70 ആർട്ടിക്യുലേറ്റഡ് ബസുകൾ എന്നിവ കരാറിൽ ഉൾപ്പെടുന്നു.

ഡ്രൈവർ ബിഹേവിയർ മോണിറ്ററിംഗ് സിസ്റ്റം (റഖീബ്), ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി), ഇലക്‌ട്രോണിക് ഡ്രൈവർ ഐഡൻ്റിറ്റി ഓതൻ്റിക്കേഷൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ബസുകളിൽ ഉണ്ടാകും.

കുട്ടികൾക്കുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, വൈഫൈ സേവനം, മൊബൈൽ ഫോൺ ചാർജിംഗ് പോയിൻ്റുകൾ, പൊതുഗതാഗത ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള ഇൻ്റലിജൻ്റ് സംവിധാനങ്ങൾ, മികച്ച ഇൻ്റീരിയർ ഫിനിഷുകളും വിശാലമായ സീറ്റുകളും ബസുകളുടെ സവിശേഷതയാണ്.

ദുബായിലെ പൊതുഗതാഗത സംവിധാനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ് പുതിയ ബസുകൾ വാങ്ങുന്നതെന്ന് ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാൻ ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ അഭിപ്രായപ്പെട്ടു. ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും വർദ്ധിച്ചുവരുന്ന ബസ് യാത്രക്കാരുടെ എണ്ണം ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. 2030-ഓടെ യാത്രകളുടെ വിഹിതം 25% ആയി ഉയർത്തി, പൊതുഗതാഗതത്തെ താമസക്കാർക്ക് ഇഷ്ടപ്പെട്ട ഗതാഗത മാർഗ്ഗമാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

2050-ഓടെ യുഎഇയുടെ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തെയും ലോകത്തെ ഏറ്റവും വലിയ നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി നഗരത്തെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ദുബായുടെ സാമ്പത്തിക അജണ്ട ഡി33യെയും പിന്തുണയ്ക്കുന്നതിനാണ് ബസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.