ദുബായ്, 22 ജൂലൈ 2024 (WAM) --വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ഞായറാഴ്ച ശിക്ഷ വിധിച്ചു. സ്വന്തം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 53 പേർക്ക് പത്തുവർഷവും, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തിൽ പങ്കെടുത്ത ഒരാൾക്ക് പതിനൊന്ന് വർഷം തടവ് ശിക്ഷയും ലഭിച്ചു.
പൊതുസ്ഥലത്ത് ഒത്തുകൂടൽ, അശാന്തി ഉണ്ടാക്കൽ, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ, പ്രതിഷേധങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളിൽ തങ്ങളുടെ പങ്കാളിത്തം 30 അംഗ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കിയത്.പ്രതികളിൽ പലരും തങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചു.പ്രതിഷേധക്കാർക്ക് താക്കീത് നൽകുകയും പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകുകയും ചെയ്‌തിട്ടും അവർ പ്രതികരിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിചാരണ വേളയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് സർക്കാരിൻ്റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് യുഎഇയിലെ പല തെരുവുകളിലും പ്രതികൾ ഒത്തുകൂടുകയും വലിയ തോതിലുള്ള മാർച്ചുകൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ച ഒരു സാക്ഷിയെ കോടതി വിസ്തരിച്ചു.
ഒത്തുചേരലിന് ക്രിമിനൽ ഉദ്ദേശ്യമില്ലെന്നും തെളിവുകൾ അപര്യാപ്തമാണെന്നും കുറ്റവിമുക്തനാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോടതി ഇവരുടെ കുറ്റത്തിന് മതിയായ തെളിവുകൾ കണ്ടെത്തുകയും അതനുസരിച്ച് അവരെ ശിക്ഷിക്കുകയും ചെയ്തു.