2024-ൽ 5% വാർഷിക വളർച്ച രേഖപ്പെടുത്തി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്

ദുബായ്, 2024 ജൂലൈ 23 (WAM) -- ഈ വർഷം ആദ്യ പകുതിയിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് 5% വാർഷിക വളർച്ച രേഖപ്പെടുത്തി. ഈ വർഷം 34,075 പുതിയ കമ്പനികളാണ് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ ദുബായിയുടെ ബിസിനസ് തന്ത്രത്തിന് കഴിഞ്ഞു എന്നതാണ് കണക്കുകൾ കാണിക്കുന്നത്.

2024 ആദ്യ പകുതിയിൽ അംഗങ്ങളുടെ കയറ്റുമതിയിലും പുനർ കയറ്റുമതിയിലും 6.7% വളർച്ചയാണ് ഉണ്ടായത്. ആറ് മാസ കാലയളവിൽ മൊത്തം 372,720 ഉത്ഭവ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, ഇത് ഏകദേശം 5.2% വളർച്ചയെ പ്രതിനിധീകരിക്കുന്നു. കൂടാതെ, ഏകദേശം 1.6 ബില്യൺ യുഎഇ ദിർഹം മൂല്യമുള്ള 2,433 ATA കാർനെറ്റുകൾ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്തു.

പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനത്തിന് കീഴിൽ ദുബായിയുടെ ബിസിനസ് അന്തരീക്ഷം വർധിപ്പിക്കുക, പങ്കാളിത്തം ശക്തിപ്പെടുത്തുക, വിദേശ നിക്ഷേപം ആകർഷിക്കുക, അന്താരാഷ്ട്ര കമ്പനി വിപുലീകരണത്തെ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള സംരംഭങ്ങളാണ് പുതിയ അംഗങ്ങളുടെയും കയറ്റുമതിയുടെയും വളർച്ചയ്ക്ക് കാരണമെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ ഗുറൈർ പറഞ്ഞു.

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ച് 2024 ആദ്യ പകുതിയിൽ 122 നിയമങ്ങളും ഡ്രാഫ്റ്റ് നിയമങ്ങളും അവലോകനം ചെയ്തു.

ബിസിനസ് ഗ്രൂപ്പുകളും കൗൺസിലുകളും തമ്മിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകദേശം 29 മീറ്റിംഗുകൾ നടത്താനും ചേംബർ തീരുമാനിച്ചും. കൂടാതെ, കോസ്റ്റാറിക്ക, ഗ്രീസ്, പോളണ്ട്, മെക്സിക്കോ, കൊളംബിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെയും ഓഹരി ഉടമകളുടെയും താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്ന ആറ് പുതിയ ബിസിനസ് കൗൺസിലുകൾ ചേംബർ സ്ഥാപിച്ചു.

സ്വകാര്യ മേഖലയിലെ കമ്പനികളുടെ സുസ്ഥിരമായ വിജയത്തെ പിന്തുണയ്ക്കുന്നതിന് ദുബായിയുടെ ചലനാത്മക ബിസിനസ് വളർച്ചയെ നയിക്കുന്ന സംരംഭങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബിസിനസ് ഗ്രൂപ്പുകൾക്കും കൗൺസിലുകൾക്കുമായി ചേംബർ വട്ടമേശ യോഗങ്ങൾ നടത്തി.

കുടുംബ ബിസിനസുകളുടെ സുസ്ഥിരത, മത്സരക്ഷമത, തുടർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഗവേണൻസ് സീരീസിൻ്റെ' ഭാഗമായി ദുബായ് സെൻ്റർ ഫോർ ഫാമിലി ബിസിനസുകൾ രണ്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഭരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുടുംബ ബിസിനസുകളുടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും യേഗത്തിൽ ചർച്ച ചെയ്തു. കൂടാതെ, കുടുംബ ബിസിനസുകളുടെ ഭാവി മാനേജർമാരെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നെക്സ്റ്റ്-ജെൻ ഫാമിലി ബിസിനസ് ട്രെയിനിംഗ് പ്രോഗ്രാമിൻെറ ആദ്യം ക്ലാസും സംഘടിപ്പിച്ചു.

കുടുംബ ബിസിനസുകൾക്കായുള്ള രണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കുടുംബ ബിസിനസുകൾക്കായി വീഡിയോകൾ, വെബിനാറുകൾ, ലേഖനങ്ങൾ, പോഡ്‌കാസ്റ്റുകൾ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുൾപ്പെടെ 2,000 വിദ്യാഭ്യാസ ഉറവിടങ്ങളുള്ള ഒരു ഓൺലൈൻ ലൈബ്രറി കേന്ദ്രം ആരംഭിച്ചു.