വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ്റെ വാർഷിക വേൾഡ് കോൺഗ്രസിന് ദുബായ് ആതിഥേയത്വം വഹിക്കും

ദുബായ്, 18 ഓഗസ്റ്റ് 2024 (WAM) --യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ്റെ (WFZO) വേൾഡ് കോൺഗ്രസിൻ്റെ പത്താം പതിപ്പിന് ദുബായ് ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ 23 മുതൽ 25 വരെ മദീനത്ത് ജുമൈറയിലാണ് പരിപാടി സംഘടിപ്പിക്കുക. ഓർഗനൈസേഷൻ്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഇവൻ്റ്, ആഗോള വ്യാപാരത്തിൽ സാമ്പത്തിക മേഖലകളുടെ പങ്ക്, ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുക, വ്യാപാര വിനിമയം സുഗമമാക്കുക, വാണിജ്യ ഇടപാടുകൾ വർദ്ധിപ്പിക്കുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ നയിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

കോൺഗ്രസിൽ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 2,000-ലധികം ബിസിനസ്സ് നേതാക്കൾ, ഫ്രീ സോൺ ഉദ്യോഗസ്ഥർ, വിദഗ്ധർ, ഫ്രീ സോൺ, ലോജിസ്റ്റിക്സ് സേവനങ്ങൾ, ബഹുമുഖ സംഘടന മേഖലകളിൽ തീരുമാനമെടുക്കുന്നവർ, നിക്ഷേപകർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഈ മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനികളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരെ പരിപാടി ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ നട്ടെല്ലായ ആഗോള സാമ്പത്തിക മേഖലകളുടെ വികസനത്തിന് സംഭാവന നൽകാനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് കോൺഗ്രസ് പ്രതിഫലിപ്പിക്കുന്നതെന്ന് വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ ചെയർമാൻ ഡോ. മുഹമ്മദ് അൽ സറൂണി പറഞ്ഞു.യുഎഇയുടെ വിദേശ വ്യാപാരം ഇരട്ടിയാക്കി 25 ട്രില്യൺ ദിർഹത്തിലെത്തിക്കാനും ദുബായ് ഇക്കണോമിക് അജണ്ട ഡി33ന് അനുസൃതമായി 2033-ഓടെ ലോകമെമ്പാടുമുള്ള 400 പുതിയ നഗരങ്ങളുമായി വ്യാപാര ഇടനാഴികൾ സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി ഇവൻ്റ് യോജിക്കുന്നു.

നാലാം വ്യാവസായിക വിപ്ലവമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ഉൾക്കൊള്ളുന്ന ആധുനിക സാമ്പത്തിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കൂടാതെ, നൂതന സാങ്കേതികവിദ്യ, ആഗോള സമ്പദ്‌വ്യവസ്ഥയിലെ സമഗ്രമായ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന ചെയ്യുന്നു. ബിസിനസ് സുഗമമാക്കുന്നതിനും വിപണികളെ ബന്ധിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ പ്രക്രിയകൾ പ്രദാനം ചെയ്യുന്നതിനും പങ്കാളികൾക്കിടയിൽ ക്രിയാത്മകമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ സാമ്പത്തിക മേഖലകളുടെ ഭാവി പ്രവചിക്കുന്നതിനും ആഴത്തിലുള്ള ദർശനങ്ങൾ അവതരിപ്പിക്കുന്നതിനും കോൺഗ്രസ്സ് അവസരം നൽകും.