വെറ്റെക്‌സ്: ബിസിനസ്സും ഇന്നൊവേഷനും ഒന്നിക്കുമ്പോൾ

അബുദാബി, 19 ഓഗസ്റ്റ് 2024 (WAM) -- പ്രാദേശിക, അന്തർദേശീയ എക്‌സിബിഷനുകൾക്കും ഫോറങ്ങൾക്കും വേണ്ടിയുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) സംഘടിപ്പിക്കുന്ന വാട്ടർ, എനർജി, ടെക്‌നോളജി, എൻവയോൺമെൻ്റ് എക്‌സിബിഷൻ (വെറ്റെക്‌സ്). യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം വെള്ളം, ഊർജം, സുസ്ഥിരത, ഹരിത സാങ്കേതിക വിദ്യകൾ, പുനരുപയോഗ ഊർജം, ഹരിത കെട്ടിടങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട്ട് ഗ്രിഡ് തുടങ്ങിയ സുപ്രധാന മേഖലകൾ വെറ്റെക്‌സ് പ്രദർശിപ്പിക്കുന്നു.

യുഎഇയിലെയും ദുബായിലെയും എക്‌സിബിഷൻ, കോൺഫറൻസ് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിൽ വെറ്റെക്‌സിൻ്റെ നിർണായക പങ്കിനെയും എക്‌സിബിഷനുകളും ഫോറങ്ങളും ആകർഷിക്കുന്നതിൽ അതിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ദേവയുടെ എംഡിയും സിഇഒയും വെറ്റെക്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ സയീദ് മുഹമ്മദ് അൽ തായർ പ്രശംസിച്ചു.

ഗവൺമെൻ്റ്, സ്വകാര്യ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രാദേശിക, അന്തർദേശീയ കമ്പനികൾ അവരുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനമായ പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് ഇവൻ്റ് ഒരുമിച്ച് കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2000 ചതുരശ്ര മീറ്റർ പ്രദേശത്ത് 200-ലധികം ചൈനീസ് പ്രദർശകർ പങ്കെടുക്കുന്ന ഏറ്റവും വലിയൊരു അന്താരാഷ്‌ട്ര പവലിയൻ വെറ്റെക്‌സ് 2024-ൽ എംഐഇ ഗ്രൂപ്പ് പ്രഖ്യാപിച്ചു.ഊർജ്ജ, പരിസ്ഥിതി മേഖലയിൽ നിന്നുള്ള കൊറിയൻ കമ്പനികളും എക്‌സിബിഷനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.