റാസൽഖൈമ, 21 ആഗസ്ത്, 2024 (WAM) -- റാസൽഖൈമ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെയും എമിറേറ്റിലെ സാമ്പത്തിക വികസന വകുപ്പിൻ്റെ (ഡിഇഡി) വാണിജ്യ നിയന്ത്രണ, സംരക്ഷണ വകുപ്പിൻ്റെയും സംയുക്ത സംഘം അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാരമുദ്രകളുള്ള 23 ദശലക്ഷം ദിർഹം വിലമതിക്കുന്ന 650,468 വ്യാജ വസ്തുക്കൾ പിടിച്ചെടുത്തു.
എമിറേറ്റിലെ രണ്ട് ഗോഡൗണുകളിൽ വ്യാജ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡിഇഡിയിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, വെയർഹൗസുകൾ നിരീക്ഷിക്കുന്നതിനും ലോഡിംഗ്, സ്റ്റോറേജ് എന്നിവയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ദിവസങ്ങളോളം ഗോഡൗണുകൾ നിരീക്ഷിച്ച്,പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറണ്ട് നേടിയ ശേഷമാണ് സംഘം വെയർഹൗസുകളിൽ റെയ്ഡ് നടത്തിയത്.
കേസിന് ആസ്പദമായി അറബ് പൗരത്വമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ സാമഗ്രികളും ഉൾപ്പെടെ വൻതോതിൽ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടുന്നതിൽ സംയുക്ത സംഘങ്ങൾ നടത്തിയ ശ്രമങ്ങളെ പോലീസ് ഓപ്പറേഷൻസ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് സെയ്ദ് മൻസൂർ അഭിനന്ദിച്ചു.
പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടി ഡിഇഡിയുടെ സംഭരണശാലകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.