മൻസൂർ ബിൻ സായിദ് എമിറാത്തി ടാലൻ്റ് കോംപറ്റീറ്റീവ്നസ് കൗൺസിലിൻ്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

അബുദാബി, 21 ഓഗസ്റ്റ് 2024 (WAM) --ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും എമിറാത്തി ടാലൻ്റ് കോംപറ്റിറ്റീവ് കൗൺസിൽ (ഇടിസിസി) ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, സ്വകാര്യമേഖലയിൽ എമിറാത്തി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി കൗൺസിലിൻ്റെയും നഫീസ് പ്രോഗ്രാമിൻ്റെയും കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. അബുദാബിയിൽ വെച്ച് ഇടിസിസി ടീമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. ഇടിസിസി ഈ വർഷം നടപ്പിലാക്കിയ ഏറ്റവും പുതിയ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് ഉദ്ദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു.

2024 ജൂലൈ ആയപ്പോഴേക്കും, സ്വകാര്യ മേഖലയിൽ 113,000-ത്തിലധികം പൗരന്മാർക്ക് ജോലി ലഭിച്ചുവെന്നും, നാഫിസ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം ചേർന്ന 81,000 വ്യക്തികൾ ഇപ്പോഴും പ്രവർത്തിക്കുന്നതായും യോഗം വിലയിരുത്തി.

നഫീസ് പ്രോഗ്രാമിൻ്റെ സാമ്പത്തിക ആഘാതവും സ്വകാര്യ മേഖലയിലെ തൊഴിൽ സങ്കൽപ്പങ്ങളെ പരിവർത്തനം ചെയ്യുന്നതിലെ മാറ്റവും യോഗം ചർച്ച ചെയ്തു. ശൈഖ് മൻസൂർ ഇടിസിസിയുടെ പ്രവർത്തനങ്ങളെയും, സർക്കാർ, സ്വകാര്യ മേഖല പങ്കാളികളുമായുള്ള സഹകരണത്തെയും പ്രശംസിച്ചു.
എമിറേറ്റൈസേഷൻ ഡ്രൈവിലെ ഗണ്യമായ സംഭാവനയ്ക്ക് ഇടിസിസിയുടെ സർക്കാർ, സ്വകാര്യ മേഖല പങ്കാളികളെ അഭിനന്ദിക്കുകയും, സ്വകാര്യ മേഖലയിൽ എമിറാത്തി കേഡറുകൾക്ക് അവസരങ്ങൾ വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

കൗൺസിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ പിന്തുണയെയും തുടർനടപടികളെയും യോഗത്തിൽ ഇടിസിസി സെക്രട്ടറി ജനറൽ ഘനം അൽ മസ്റൂയി അഭിനന്ദിച്ചു. സ്വകാര്യമേഖലയിൽ പൗരന്മാരെ യോഗ്യരാക്കുകയും പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്തുകൊണ്ട് ജ്ഞാനപൂർവകമായ നേതൃത്വ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കൗൺസിൽ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.