അൽ അഖ്‌സ മസ്ജിദിനെക്കുറിച്ചുള്ള ഇസ്രായേൽ മന്ത്രിയുടെ പരാമർശത്തെ ഈജിപ്ത് അപലപിച്ചു

കെയ്റോ, 26 ഓഗസ്റ്റ് 2024 (WAM) --അൽ അഖ്‌സ മസ്ജിദിനുള്ളിൽ സിനഗോഗ് നിർമിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി നടത്തിയ പരാമർശത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു.

നിലവിലെ സ്ഥിതി നിലനിർത്തുന്നതിനും ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും ഇസ്രായേലിന് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന്, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

അധിനിവേശ ശക്തിയെന്ന നിലയിൽ തങ്ങളുടെ ബാധ്യതകൾ നിറവേറ്റാനും മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുന്ന പ്രകോപനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കാനും ഈജിപ്ത് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ഇത്തരം നിരുത്തരവാദപരമായ അഭിപ്രായങ്ങൾ പലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുകയും ഗാസ മുനമ്പിൽ വെടിനിർത്തലിനു വേണ്ടിയുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും പലസ്തീൻ പ്രശ്നത്തിൻ്റെ അന്തിമ പരിഹാരത്തിനുള്ള സാധ്യതകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന്, മന്ത്രാലയം അഭിപ്രായപ്പെട്ടു.