അബുദാബി, 27 ഓഗസ്റ്റ് 2024 (WAM) --യുഎഇയുടെ വികസനത്തിന് എമിറാത്തി വനിതകൾ നൽകിയ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനായി നാളെ 'എമിറാത്തി വനിതാ ദിനം' ആഘോഷിക്കാൻ ഒരുങ്ങുക്കയാണ് രാജ്യം. രാഷ്ട്രമാതാവ്, ജനറൽ വിമൻസ് യൂണിയൻ ചെയർമാനും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിൻ്റെ പ്രസിഡൻറും, ഫാമിലി ഡെവലപ്‌മെൻ്റിൻ്റെ സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ നിർദ്ദേശങ്ങളുമായി യോജിപ്പിച്ചാണ് 'നാളെക്കായി ഞങ്ങൾ പങ്കുവെക്കുന്നത്' എന്ന പ്രമേയത്തിലെ ദിനാചരണം നടക്കുക. 1971-ൽ രൂപീകൃതമായത് മുതൽ ലിംഗസമത്വത്തിൽ യുഎഇ ഗണ്യമായ മുന്നേറ്റമാണ് നടത്തിയത്. യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം (യുഎൻഡിപി) പുറത്തിറക്കിയ ലിംഗ അസമത്വ സൂചിക 2024-ൽ രാജ്യം ആഗോളതലത്തിൽ ഏഴാം സ്ഥാനത്തും പ്രാദേശികമായി ഒന്നാം സ്ഥാനത്തുമാണ്.
സ്ത്രീ ശാക്തീകരണത്തിലെ രാജ്യത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഈ മേഖലയിലെ തുടർച്ചയായ വികസനത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്ന വാർഷിക ആഘോഷമാണ് എമിറാത്തി വനിതാ ദിനം.
സ്ത്രീകളുടെ പദവിയും ആഗോള മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി യുഎഇ നിരവധി നിയമങ്ങളും ഭേദഗതികളും നടപ്പാക്കിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ്, ലിംഗ സന്തുലിതാവസ്ഥയുടെ ആഗോള മാതൃകയാകാൻ ലക്ഷ്യമിട്ടാണ് രാജ്യം 2022-2026 ജെൻഡർ ബാലൻസ് സ്ട്രാറ്റജി സ്വീകരിച്ചത്. സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക ഉൾപ്പെടുത്തൽ, ക്ഷേമം, ജീവിത നിലവാരം, സംരക്ഷണം, ആഗോള നേതൃത്വവും പങ്കാളിത്തവും എന്നിവയിൽ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പരിഷ്കാരങ്ങൾ സ്ത്രീകളുടെ പദവി ഉയർത്തുകയും രാജ്യത്തിൻ്റെ ആഗോള മത്സരക്ഷമതയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ആഗോള മത്സരക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലിംഗപരമായ വിടവുകൾ അവസാനിപ്പിക്കുന്നതിൽ നിന്ന് മികച്ച സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതിലേക്ക് മാറുകയാണ് യുഎഇയുടെ ലക്ഷ്യം. ജനറൽ വിമൻസ് യൂണിയൻ, ജെൻഡർ ബാലൻസ് കൗൺസിൽ എന്നിവ ഉൾപ്പെടെയുള്ള നിയമനിർമ്മാണ അന്തരീക്ഷവും സംവിധാനങ്ങളും സ്ത്രീകളെ ശാക്തീകരിക്കാൻ രാജ്യത്തെ സഹായിക്കുന്നു.