2024 ആദ്യ പാദം, 1,115 പരിശീലന സമയം പൂർത്തിയാക്കി അജ്മാൻ ധനകാര്യ വകുപ്പ്

അജ്മാൻ, 29 ആഗസ്ത്, 2024 (WAM) -- മനുഷ്യ മൂലധന വികസനത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കി 2024-ൻ്റെ ആദ്യ പകുതിയിൽ 1,115 പരിശീലന മണിക്കൂർ പൂർത്തിയാക്കിയതായി അജ്മാൻ ധനകാര്യ വകുപ്പ് അറിയിച്ചു. ഈ നേട്ടം അജ്മാൻ വിഷൻ 2030, യുഎഇ ശതാബ്ദി 2071 എന്നിവയുമായി ഒത്തുചേരുന്നു. ഭാവി നൈപുണ്യത്തിനും പ്രതിഭ വികസനത്തിനുമുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമായി വകുപ്പ് 15 പരിശീലന പരിപാടികളാണ് നടപ്പിലാക്കിയത്.

സർഗ്ഗാത്മകത, മികവ്, സുസ്ഥിര വികസനം എന്നിവ വളർത്തിയെടുക്കുന്നതിൽ മാനവ വിഭവശേഷി കാര്യക്ഷമതയുടെ പ്രാധാന്യം വകുപ്പ് ഡയറക്ടർ മർവാൻ അൽ അലി അടിവരയിട്ടു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള തൊഴിൽ അന്തരീക്ഷം കണക്കിലെടുത്ത്,യുവ പ്രതിഭകളെ ഭാവി നൈപുണ്യത്തോടെ സജ്ജരാക്കുന്നതിന് സമഗ്ര പരിശീലന പരിപാടികളിലൂടെ നിക്ഷേപം നടത്താൻ വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്ന്, അദ്ദേഹം വ്യക്തമാക്കി.

വാർഷിക പരിശീലന പദ്ധതികൾ മികച്ച രീതികൾക്കും അന്താരാഷ്ട്ര നിലവാരത്തിനും അനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വകുപ്പിലെ സപ്പോർട്ട് സർവീസസ് മാനേജർ വാലിദ് അബ്ദുല്ല അൽ-സറൂണി പറഞ്ഞു.വർഷത്തിൻ്റെ ആദ്യ പകുതിയിൽ ടാലൻ്റ് ഡെവലപ്‌മെൻ്റ് പ്ലാനുകൾ 100% പൂർത്തീകരിച്ചു, 85% ട്രെയിനി സ്റ്റാഫ് സൂപ്പർവൈസറി റോളുകളിലും 63% സ്പെഷ്യലൈസ്ഡ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിലും പരിശീലനം നൽകിയതായി, അദ്ദേഹം കൂട്ടിച്ചേർത്തു.