മൻസൂർ ബിൻ സായിദിനെ ഖത്തർ അമീർ സ്വീകരിച്ചു

ദോഹ, 3 ഒക്ടോബർ 2024 (WAM) -- ഖത്തർ സ്റ്റേറ്റ് അമീർ, ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ഉപരാഷ്ട്രാപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ ഇന്ന് സ്വീകരിച്ചു. ഖത്തർ ആതിഥേയത്വം വഹിക്കുന്ന മൂന്നാം ഏഷ്യ കോ-ഓപ്പറേഷൻ ഡയലോഗ് (എസിഡി) ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തിൻ്റെ തലവനാണ് അദ്ദേഹം.

സുസ്ഥിര വികസനം, സമൃദ്ധി, സമാധാനം എന്നിവയ്ക്കായി ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിൽ മൂന്നാം ഏഷ്യൻ സഹകരണ കൗൺസിൽ (എസിഡി) ഉച്ചകോടിയുടെ പ്രാധാന്യം യോഗം ചർച്ച ചെയ്തു. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ആശംസകൾ ശൈഖ് മൻസൂർ സ്വീകരിക്കുകയും അമീറിൻ്റെ ആരോഗ്യത്തിനും സന്തോഷത്തിനും ആശംസകൾ അറിയിക്കുകയും ചെയ്തു. യുഎഇ നേതാക്കൾക്ക് ഖത്തർ അമീർ തൻ്റെ ആശംസകൾ അറിയിക്കുകയും, യുഎഇയും ജനങ്ങളും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാൻ ആശംസകൾ നേർന്നു.

സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും ഉത്തേജനം നൽകുന്നതിൽ എസിഡി ഉച്ചകോടിയുടെ പ്രാധാന്യവും പരസ്പര പ്രാധാന്യമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി കായിക മന്ത്രി അഹ്മദ് ബെൽഹൂൽ അൽ ഫലാസി, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ഖത്തറിലെ യുഎഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാനും പങ്കെടുത്തു.

ഖത്തറിൻ്റെ ഭാഗത്തുനിന്നും ഖത്തർ സ്റ്റേറ്റ് അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും കൂടാതെ കുറെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഖത്തർ അമീർ ഉദ്ഘാടനം ചെയ്ത മൂന്നാമത് എസിഡി ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ശൈഖ് മൻസൂർ ദോഹയിൽ നിന്ന് യാത്ര തിരിച്ചത്.