മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ലെബനനിലേക്ക് അടിയന്തര മാനുഷിക സഹായം അയച്ചു

ദുബായ്, 10 ഒക്ടോബർ 2024 (WAM) --ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) ലെബനനിലേക്ക് അടിയന്തര ഭക്ഷ്യസഹായം അയച്ചു.

ഈ സഹായം നിലവിലുള്ള മാനുഷിക പ്രതിസന്ധിയും സംഘർഷവും ബാധിച്ച 250,000 ആളുകളിൽ എത്തുകയും ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി (ഡബ്ല്യൂഎഫ്പി) സഹകരിച്ച് വിതരണം ചെയ്യുകയും ചെയ്യും.

സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ഈ സഹായം അടിവരയിടുകയും രാജ്യത്തിൻ്റെ ആഴത്തിലുള്ള മാനുഷിക മൂല്യങ്ങളും ഉത്തരവാദിത്തബോധവും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകിക്കൊണ്ട്. ആവശ്യമുള്ളവർക്ക് ഒപ്പം നിൽക്കാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും ശൈഖ് മുഹമ്മദ് ബിൻ റാഷിദിൻ്റെയും നിർദ്ദേശങ്ങൾ ഈ സഹായം പ്രതിഫലിപ്പിക്കുന്നുവെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.

"ഡബ്ല്യൂഎഫ്പിയുടെ പങ്കാളിത്തത്തോടെ എംബിആർജിഐ വഴി വിതരണം ചെയ്യുന്ന ഞങ്ങളുടെ ലെബനീസ് സഹോദരീസഹോദരന്മാർക്കുള്ള ഈ പിന്തുണ, അറബ് ലോകത്ത് പ്രതിസന്ധികളും മാനുഷിക വെല്ലുവിളികളും നേരിടുന്നവർക്ക് സഹായം നൽകുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ സമർപ്പണത്തെ പ്രകടമാക്കുന്നു," അൽ ഗെർഗാവി പറഞ്ഞു.

അയൽ രാജ്യങ്ങൾക്ക് പിന്തുണ നൽകാനുള്ള യുഎഇ നേതൃത്വത്തിൻ്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി എംബിആർജിഐ പ്രോഗ്രാമുകളും പങ്കാളിത്തങ്ങളും വികസിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.