ദുബായ്, 2024 ഡിസംബർ 26 (WAM) -- 'സന്തുഷ്ടരായ തൊഴിലാളികൾ, സമൃദ്ധമായ ബിസിനസുകൾ' എന്ന വിഷയത്തിൽ എല്ലാ എമിറേറ്റുകളിലുടനീളമുള്ള തൊഴിലാളികൾക്കായി പുതുവത്സരാഘോഷ പരമ്പര സംഘടിപ്പിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി; അബുദാബി, ദുബായ്, ഷാർജ എന്നിവയുടെ ജനറൽ കമാൻഡുകൾ; യുഎഇ മുനിസിപ്പാലിറ്റികൾ; അബുദാബി പോർട്ട്സ് ഗ്രൂപ്പ്; ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ്; ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി; ദുബായിലെ ലേബർ അഫയേഴ്‌സ് സ്റ്റാൻഡിംഗ് കമ്മിറ്റി; ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി; ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി; നാഷണൽ ആംബുലൻസ് സർവീസ്; ദുബായ് ആംബുലൻസ് കോർപ്പറേഷൻ; റാസൽ ഖൈമ ഇക്കണോമിക് സോൺ (RAKEZ) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും പകരുന്ന ഇത്തരം പരിപാടികൾ, യുഎഇയുടെ സമഗ്രമായ വികസനത്തിലുളള അവരുടെ സംഭാവനകൾക്ക് ആദരവും നൽകുന്നുവെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
പങ്കെടുക്കാൻ താത്പര്യമുള്ള കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശം:
തൊഴിലാളികളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള കമ്പനികൾക്ക് ensureeventsnye.com എന്ന വെബ്സൈറ്റിലൂടെ പരിപാടികൾ തിരഞ്ഞെടുക്കാനും രജിസ്റ്റർ ചെയ്യാനും കഴിയും.
ഈ മാസം ആദ്യം, യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനായി ഫെഡറൽ, തദ്ദേശ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി ആഘോഷങ്ങളാണ് മാനവ വിഭവശേഷി മന്ത്രാലയം, സംഘടിപ്പിച്ചത്.