അബുദാബി, 2025 ജനുവരി 20 (WAM) --രാജ്യത്തെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങൾ പ്രതിദിനം 2 ലക്ഷത്തിലധികം എത്തിയതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് ചെയ്‌തു. ഇവ 14 രാജ്യങ്ങളിലെ സൈബർ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ മേഖല 30%, സാമ്പത്തിക, ബാങ്കിംഗ് മേഖല 7%, വിദ്യാഭ്യാസ മേഖല 7%, സാങ്കേതികവിദ്യ, വ്യോമയാന, ആശുപത്രി മേഖലകൾ 4% വീതം എന്നിങ്ങനെ ഈ സൈബർ തീവ്രവാദ ആക്രമണങ്ങൾ നിരവധി തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ചിരുന്നുവെന്ന് കൗൺസിൽ വിശദീകരിച്ചു.
40% ആക്രമണങ്ങൾ ഐടി ഇൻഫ്രാസ്ട്രക്ചറിനെ ലക്ഷ്യമാക്കിയാണ് നടന്നത്. ഫയൽ-ഷെയറിംഗ് (9%) അടക്കമുള്ള വിവിധ സൈബർ ഭീഷണികൾ റിപ്പോർട്ട് ചെയ്തു. 'ബ്ലാക്ക്‌ക്കാറ്റ്' ഗ്രൂപ്പുകൾ റാൻസംവെയർ ആക്രമണങ്ങളുടെ 51% നു ഉത്തരവാദികളാണെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.
തകരാറായ കോൺഫിഗറേഷനുകൾ 27%, മാൽവെയർ 22%, സ്കാനിംഗ്, ലോഗിൻ ശ്രമങ്ങൾ 15% വീതം, അനധികൃത പ്രവേശനം 15%, ഫിഷിംഗ് 10%, അനധികൃത പ്രവർത്തനങ്ങൾ, വെബ് ആക്രമണങ്ങൾ 11% എന്നിവയാണ് പ്രധാന ഭീഷണികൾ.
സർവീസ് ഡിനയൽ (39%), ഡാറ്റാ ലീക്കേജ് (37%), ആപ്ലിക്കേഷൻ ലംഘനങ്ങൾ (24%), റാൻസംവെയർ (7%) തുടങ്ങിയവയും പ്രധാനമായ ആക്രമണ രീതികളായി കണക്കാക്കപ്പെടുന്നു.
എഐ ഉപയോഗിച്ച് കൂടുതൽ സങ്കീർണ സൈബർ ഭീഷണികൾ ഉയരാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ-സ്വകാര്യ മേഖലകൾ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഭീഷണികൾ തടയുന്നതിൽ ജാഗ്രത പുലർത്തണമെന്നും കൗൺസിൽ പറഞ്ഞു.