ഷാർജ: അൽ ഖുതൈന 1, 2, 4 മേഖലകളിൽ 42 കിലോമീറ്റർ നീളത്തിൽ ജലവിതരണ ശൃംഖല പണികഴിപ്പിച്ചതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ & ഗ്യാസ് അതോറിറ്റി (സേവ) അറിയിച്ചു. ഏകദേശം 21 ദശലക്ഷം ദിർഹം ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്.
ഇപ്പോൾ അൽ ഖുതൈന 5, 6 മേഖലകളിൽ വെള്ളവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികൾ 2025 മധ്യത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.
"പുതിയ മേഖലകളിലേക്ക് ജലവിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും, ഷാർജയുടെ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും നിർദേശപ്രകാരമാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്," ജലവകുപ്പ് ഡയറക്ടർ ഫൈസൽ അൽ സർഖാൽ പറഞ്ഞു.
പുതിയ ജലവിതരണ ശൃംഖലകൾ നഗരത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുന്നതിനുള്ള അതോറിറ്റിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലവിതരണ ശൃംഖലയുടെ പൈപ്പുകൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഗ്ലാസ് റീൻഫോഴ്സ്ഡ് എപ്പോക്സി (GRE) പൈപ്പുകൾ ഉപയോഗിക്കുന്നതായി അൽ സർഖാൽ വ്യക്തമാക്കി. ഫൈബർഗ്ലാസിന്റെ ശക്തിയോടെ നിർമ്മിച്ചിരിക്കുന്ന ഈ പൈപ്പുകൾ കൂടുതൽ ദൈർഘ്യമേറിയ സേവനം നൽകുമെന്നും അധികൃതർ അറിയിച്ചു.
ജലവിതരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ഭാവിയിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.