ശൈഖ് അബ്ദുല്ല സിറിയൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, സഹകരണ സാധ്യതകളിൽ ചർച്ച

അബുദാബി, 2025 ഫെബ്രുവരി 11 (WAM) --വേൾഡ് ഗവണ്മെൻ്റ് സമിറ്റ് (ഡബ്ല്യൂജിഎസ്) 2025 ന്റെ ഭാഗമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സിറിയ ട്രാൻസിഷണൽ ഗവൺമെന്റിന്റെ വിദേശകാര്യമന്ത്രിയായ അസാദ് അൽ ശിബാനിയുമായി കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ യുഎഇയും സിറിയയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, വ്യാപാര-വികസന മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു. കൂടാതെ, സിറിയയിലെ നിലവിലെ സാഹചര്യങ്ങളും ആഗോള തലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.

സിറിയയുടെ സ്വാതന്ത്ര്യത്തിനും പ്രാദേശിക സമാധാനത്തിനും യുഎഇയുടെ ഉറച്ച പിന്തുണ ഉണ്ടെന്ന് ഷെയ്ഖ് അബ്ദുല്ല വ്യക്തമാക്കി. "സിറിയൻ ജനതയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പിന്തുണ നൽകും. സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ പുനർനിർമാണ പദ്ധതികൾ വേഗത്തിലാക്കേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിലെ വികസനം, പുനർനിർമാണം, ആഗോള സഹകരണം എന്നിവ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം എന്ന കാര്യത്തിൽ വ്യക്തമായ പ്രവർത്തനരീതികൾ രൂപപ്പെടുത്തുന്നതിന്റെ ആവശ്യം യോഗത്തിൽ ചർച്ചയായി. ഭാവി തലമുറയ്ക്ക് സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഒരുക്കുന്നതിനുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇരുപക്ഷവും അഭിപ്രായപ്പെട്ടു.