അബുദാബി, 2025 ഫെബ്രുവരി 11 (WAM) --യുഎഇയുമായുള്ള ജോർജിയയുടെ ബന്ധം വളർച്ചയുടെ വഴിയിലാണെന്നും, ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം തുടർച്ചയായി അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ജോർജിയൻ പ്രധാനമന്ത്രി ഇറക്ലി കൊബാഖിഡ്‌സെ അഭിപ്രായപ്പെട്ടു.
ടിബിലിസി, ബറ്റുമി നഗരങ്ങളിലെ വികസന പദ്ധതികളിൽ 5.5 ബില്യൺ ഡോളർ നിക്ഷേപം ഉൾപ്പെടുന്ന ഈഗിൾ ഹിൽസും ജോർജിയ സർക്കാരും ഒപ്പുവച്ച നിക്ഷേപ ധാരണാപത്രത്തെ കൊബാഖിഡ്‌സെ എടുത്തുപറഞ്ഞു. ഇത് ജോർജിയയുടെ വികസന യാത്രയിൽ നിർണായകമായ വഴിത്തിരിവായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ ആരംഭിച്ച വേൾഡ് ഗവണ്മെൻ്റ് സമിറ്റിന്റെ (ഡബ്ല്യൂജിഎസ്) വേദിയിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു ജോർജിയൻ പ്രധാനമന്ത്രി.ജോർജിയയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധം തന്നെ ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
"വേൾഡ് ഗവണ്മെൻ്റ് സമിറ്റ് ആഗോള വികസനത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾ നടത്തുന്നതിനുള്ള ഒരു മികച്ച വേദിയാണ്. ദീർഘകാല വികസന പദ്ധതികളും ആഗോള വെല്ലുവിളികളുമൊക്കെയുള്ള ചർച്ചകൾക്ക് ഇത് വലിയ സാധ്യത നൽകുന്നു,"ജോർജിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.