വേൾഡ് ഗവണ്മെൻ്റ് സമിറ്റ്: യുഎഇ രാഷ്‌ട്രപതി ആഗോള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ദുബായ്, ഫെബ്രുവരി 12, 2025 (WAM) -- വേൾഡ് ഗവണ്മെൻ്റ് സമിറ്റ് (ഡബ്ല്യൂജിഎസ്) 2025-ന്റെ ഭാഗമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ‘ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിൽ ദുബായിൽ നടക്കുന്ന ഈ ഉച്ചകോടിയിലാണ് വിവിധ ഉന്നത വ്യക്തികളുമായുള്ള ഈ കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചത്.

കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹ്മദ് അൽ സബാഹ്, കൊളംബിയ പ്രസിഡന്റ് ഗുസ്റ്റാവോ പെട്രോ ഉറെഗോ, പോളണ്ട് പ്രസിഡന്റ് ആൻഡ്രേജ് ഡൂഡ, ഇറാഖ് കുര്‍ദിസ്ഥാന്‍ മേഖലയിലെ പ്രധാനമന്ത്രി മസ്രൂർ ബര്‍സാനി എന്നിവരുമായി യുഎഇ രാഷ്‌ട്രപതി ചർച്ച നടത്തി.

യോഗങ്ങളിൽ യുഎഇയും വിവിധ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ, പ്രത്യേകിച്ച് സാമ്പത്തികം, വ്യാപാരം, വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ചർച്ചയായി. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദീർഘകാല സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്ന നയങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചകളിൽ പ്രതിപാദിക്കപ്പെട്ടു.

വേൾഡ് ഗവണ്മെൻ്റ് സമിറ്റിൽ ഉന്നയിച്ച വിഷയങ്ങൾ ആഗോള ഭരണരംഗത്ത് പുതിയ ദിശാനിർണ്ണയത്തിന് കാരണമാകുമെന്നും, നവീകരിച്ച നയപരിപാടികൾ ആഗോള തലത്തിൽ വികസനത്തിന് വഴിയൊരുക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

യോഗങ്ങൾക്കുശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് വേൾഡ് ഗവണ്മെൻ്റ് സമിറ്റിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ‘എഡ്ജ് ഓഫ് ഗവണ്മെന്റ്’ പ്രദർശനം സന്ദർശിച്ചു.

സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ അവതരിപ്പിച്ച നൂതനമായ ഭരണപരിഷ്‌കാര പദ്ധതികൾ അവലോകനം ചെയ്യുന്നതിനൊപ്പം, വിവിധ രാജ്യങ്ങളിൽ ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാവുന്ന സാങ്കേതിക പരിഹാരങ്ങൾ ശൈഖ് മുഹമ്മദ് വിലയിരുത്തി.

അന്താരാഷ്ട്ര തലത്തിൽ ഭരണകാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, മനുഷ്യവികസനത്തിന് ഉദ്ദേശിച്ചുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനും, ഭാവിയിലേക്കുള്ള നയപരിപാടികൾ മെച്ചപ്പെടുത്താനും, ഇത്തരം പ്രദർശനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.